റെയ്‌ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുത്; കെ എസ് എഫ് ഇ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി ധനമന്ത്രി

Monday 30 November 2020 1:04 PM IST

ആലപ്പുഴ: കെ എസ് എഫ് ഇ ശാഖകളിൽ നടന്ന വിജിലൻസ് റെയ്‌ഡിന് പിന്നാലെ കർശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്ക്. ചട്ടപ്രകാരമല്ലാതെ റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന നിർദേശം അദ്ദേഹം കെ എസ് എഫ് ഇ ഉദ്യോഗസ്ഥർക്ക് നൽകി. കെ എസ് എഫ് ഇ ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെ എസ് എഫ് ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി എടുത്തത്.

പെട്ടെന്നും കൂട്ടത്തോടെയുമുളള ഇത്തരം റെയ്ഡുകൾ കെ എസ് എഫ് ഇയുടെ വിശ്വാസ്യത തകർക്കാനേ ഉപകരിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന ആകാം. എന്നാൽ അത് കെ എസ് എഫ് ഇ മാനേജ്മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി.

റെയ്ഡ് വിവരങ്ങൾ അനൗദ്യോഗികമായി ചോർത്തിയത് കെ എസ് എഫ് ഇയെയും ധനവകുപ്പിനെയും മോശപ്പെടുത്തുന്നതിന്റെ ഭാഗമായാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെ കുറിച്ച് കെ എസ് എഫ് ഇ നൽകിയ റിപ്പോർട്ട് ധനവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ ശാഖകളിൽ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ശാഖകളിൽ കയറ്റുകയും ചെയ്യരുത്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നത്. ആരാണ് ഇത് ആസൂത്രണം ചെയ്‌തതെന്ന് അന്വേഷിക്കുന്നുണ്ട്. ധനവകുപ്പും ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.