ലക്ഷ്‌മി വിലാസ് ബാങ്ക്: പലിശനിരക്കിൽ മാറ്റമില്ലെന്ന് ഡി.ബി.എസ് ബാങ്ക്

Tuesday 01 December 2020 3:55 AM IST

ന്യൂഡൽഹി: ലക്ഷ്‌മി വിലാസ് ബാങ്കിന്റെ സേവിംഗ്‌സ്, ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്.ഡി) സേവനങ്ങൾക്ക് നിലവിലെ പലിശനിരക്ക് തുടരുമെന്ന് ഡി.ബി.എസ് ബാങ്ക് ഇന്ത്യ വ്യക്തമാക്കി. ചെന്നൈ ആസ്ഥാനമായുള്ള ലക്ഷ്‌മി വിലാസ് ബാങ്കിനെ ഭരണ, മൂലധന പ്രതിസന്ധിയെ തുടർന്ന് വിദേശ ബാങ്കായ ഡി.ബി.എസിൽ റിസർവ് ബാങ്ക് ലയിപ്പിച്ചിരുന്നു.

സിംഗപ്പൂർ ആസ്ഥാനമായുള്ള ഡി.ബി.എസ് ബാങ്കിന്റെ സമ്പൂർണ ഉടമസ്ഥതയിലുള്ളതാണ് ഡി.ബി.എസ് ബാങ്ക് ഇന്ത്യ. ലക്ഷ്‌മി വിലാസ് ബാങ്കുമായുള്ള ലയനം നവംബർ 27ന് പ്രാബല്യത്തിൽ വന്നു. ഇതിനു മുന്നോടിയായി, ലക്ഷ്‌മി വിലാസ് ബാങ്കിനുമേൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയവും അന്ന് പിൻവലിച്ചു. ലയനത്തിന്റെ ഭാഗമായി 2,500 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ഡി.ബി.എസ് നടത്തിയത്.

ഓഹരി വിപണിയിൽ ലക്ഷ്‌മി വിലാസ് ബാങ്കിന്റെ വ്യാപാരവും നിറുത്തിയിരുന്നു. ലക്ഷ്‌മി വിലാസ് ബാങ്കിന്റെ ശാഖ, എ.ടി.എം., ഡിജിറ്റൽ സേവനങ്ങൾ ഡി.ബി.എസ് ബാങ്കിന്റേതായി പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ലക്ഷ്‌മി വിലാസ് ബാങ്ക് ഉപഭോക്താക്കൾക്ക് എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഇപ്പോൾ ലഭ്യമാണെന്നും ഡി.ബി.എസ് വ്യക്തമാക്കി.