ഇന്ന് ലോക എയ്ഡ്സ് ദിനം: പ്രതിരോധം ഏറ്റു, എയ്ഡ്സ് ബാധിതർ കുറഞ്ഞ് കേരളം
തിരുവനന്തപുരം: ഉത്തരവാദിത്വം പങ്കുവയ്ക്കാം, ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്ന സന്ദേശവുമായി ഇന്ന് ലോക എയിഡ്സ് ദിനം ആചരിക്കുമ്പോൾ, കേരളത്തിന് ആശ്വസിക്കാൻ വകയേറെ.
പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടതോടെ ഒരു മാസം പുതുതായി കണ്ടെത്തുന്ന രോഗികളുടെ എണ്ണം നൂറായി കുറഞ്ഞു.
എയ്ഡ്സിനെ പ്രതിരോധിക്കാൻ 61 പ്രോജക്ടുകൾ നടപ്പാക്കിവരുന്ന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി 2030 ഓടെ പുതിയ രോഗികൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാമെന്ന ആത്മവിശ്വാസത്തിലാണ്. 2024 ആകുമ്പോഴേക്കും 80ശതമാനം രോഗബാധയും തടയാനാകുമെന്നാണ് വിലയിരുത്തൽ.
എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസ് ബാധിച്ചവർ ചിട്ടയായ മരുന്നും ആഹാരക്രമവും ജീവിതചര്യയും പാലിച്ചാൽ ജീവിതം സുരക്ഷിതമായിരിക്കും.
ഭൂരിഭാഗം എയ്ഡ്സ് രോഗികളും യുവാക്കളാണ്. സുരക്ഷിതമല്ലാത്ത സ്വവർഗ ബന്ധത്തിലേർപ്പെടുന്നതാണ് പ്രധാന കാരണമെന്ന് പഠനങ്ങളിൽ പറയുന്നു.
രോഗം വരുന്ന വഴി
70 %.............സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
20 %............. മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെ
10 %............. രക്തദാനം വഴിയും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും
രോഗികൾ
24,956..... മൊത്തം രോഗികൾ
1143 ....... പുതിയ രോഗികൾ
652 ......... പുരുഷന്മാർ
372 ......... സ്ത്രീകൾ
4 .......... ട്രാൻസ്ജെൻഡേഴ്സ്
100 ......... ഓരോ മാസത്തിലെയും പുതിയ രോഗികൾ
പ്രായം
19- 22 വയസ് പ്രായക്കാരാണ് രോഗികളിൽ കൂടുതൽ
സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം നിയന്ത്രിതമാണ്. 0.22 ശതമാനമാണ് പോസിറ്റിവിറ്റി റേറ്റ്. കൃത്യമായ ചികിത്സയിലൂടെ എച്ച്.ഐ.വിയെ നിയന്ത്രിക്കാനാകും. ഇപ്പോഴത്തെ തോത് അനുസരിച്ച് 2024 ആകുമ്പോഴേക്കും പുതിയ രോഗികളുടെ എണ്ണം 468 എന്ന നിലയിൽ ചുരുങ്ങിയേക്കും.
യാമിനി തങ്കച്ചി
ഡെപ്യൂട്ടി ഡയറക്ടർ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി