ഊരാളുങ്കലിൽ നടന്നത് റെയ്ഡല്ല, അന്വേഷണം: ചെയർമാൻ
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തിയെന്ന് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ പറഞ്ഞു.
ഇ.ഡിയുടെ രണ്ട് ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ വന്നിരുന്നു. ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് അവർ ചെയ്തത്. അവരിലാർക്കും സൊസൈറ്റിയുമായി ബന്ധമില്ലെന്ന് അറിയിച്ചു. സൊസൈറ്റിയുടെ ഇൻകംടാക്സ് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് കൃത്യമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു.
13000ത്തോളം തൊഴിലാളികളുടെ കുടുംബങ്ങൾ ഉപജീവനത്തിന് ആശ്രയിക്കുന്ന ഒരു സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനേ വ്യാജ വാർത്തകൾ സഹായിക്കൂ. സ്ഥാപനത്തെ സംശയത്തിന്റെ നിഴലിൽ നിറുത്താൻ ശ്രമിക്കുന്നവർ അതിൽനിന്ന് പിന്തിരിയണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ഇ.ഡി കോഴിക്കോട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും കൊച്ചി ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും വടകരയ്ക്കടുത്ത് മടപ്പള്ളിയിലെ സൊസൈറ്റിയുടെ ഹെഡ് ഓഫീസിൽ എത്തിയത്. ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഓഫീസിനകത്തേക്ക് കയറിയത്. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി സൊസൈറ്റിക്കുള്ള ബന്ധം അദ്ദേഹം അന്വേഷിച്ചു. യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചപ്പോൾ ഊരാളുങ്കൽ സൊസൈറ്റിക്ക് സംസ്ഥാന സർക്കാരിന്റെ കൂടുതൽ കരാറുകൾ ലഭിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. സഹകരണ നിയമവും പ്രവൃത്തിയിലെ കൃത്യതയും കാരണമാണ് കരാറുകൾ കൂടുതൽ ലഭിക്കുന്നതെന്ന് അറിയിച്ചു. തുടർന്ന് സ്ഥാപനം ഫയൽ ചെയ്ത ആദായനികുതി റിട്ടേൺസിന്റെ രേഖകൾ ആവശ്യപ്പെട്ടു. ഇവ പരിശോധിച്ച ഉദ്യോഗസ്ഥൻ 11.45ഓടെ മടങ്ങി.