എൺപതിലും ചുവരെഴുത്ത് ഉണ്ണിക്കൃഷ്ണന്റെ പ്രാണൻ
ചെർപ്പുളശേരി: നാല് പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് കാലത്ത് കാറൽമണ്ണയിലെ ചുവരുകൾ നാടിനോട് സംവദിക്കുന്നത് ഉണ്ണിക്കൃഷ്ണന്റെ അക്ഷരങ്ങളിലൂടെയാണ്. ഇത്തവണ ഇടത് സ്ഥാനാർത്ഥികൾക്കായി സൗജന്യമായി ചുവരെഴുതുകയാണ് നടുവട്ടം സ്വദേശി കുന്തക്കൻ പള്ളിയാലിൽ 80കാരനായ ഉണ്ണിക്കൃഷ്ണൻ. ഒരു ക്ഷീരകർഷകൻ കൂടിയാണ് ഇദ്ദേഹം.
1980ൽ നിയമസഭയിലേക്ക് മത്സരിച്ച എ. വിജയരാഘവന് വേണ്ടിയാണ് ആദ്യമായി ചുവരെഴുത്ത് നടത്തിയത്. തുടർന്ന് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലായി മത്സരിച്ച എൻ.എൻ. കൃഷ്ണദാസ്, ഇ. പത്മനാഭൻ, എം.ബി. രാജേഷ്, എസ്. ശിവരാമൻ തുടങ്ങിയവർക്ക് വേണ്ടിയെല്ലാം കളത്തിലിറങ്ങി.
ഇരുപതാം വയസ് മുതൽ ഇടത് പ്രചാരകനായി പ്രവർത്തിക്കുന്ന ഉണ്ണിക്കൃഷ്ണൻ വാർദ്ധക്യം ബാധിച്ചതോടെ ചുവരെഴുത്തും ബാനറെഴുത്തും നഗരസഭ അഞ്ചാം വാർഡായ നടുവട്ടത്ത് മാത്രം ഒതുക്കി. ഓൺലൈൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഇല്ലാത്ത കാലത്തും ഒരു രൂപ പ്രതിഫലം വാങ്ങാതെയായിരുന്നു ചുവരെഴുത്തും ബാനറെഴുത്തും നടത്തിയിരുന്നത്.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. ആരോഗ്യം അനുവദിക്കും വരെ ഇടത് പ്രചാരകനായി ഉണ്ടാകുമെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.