പ്രകടന പത്രികയുമായി എൽ.ഡി.എഫ് , കൃഷിയിലൂടെ വളരാം, വെള്ളവും മണ്ണും ആരോഗ്യവും സംരക്ഷിക്കാം

Tuesday 01 December 2020 12:42 AM IST

പത്തനംതിട്ട: എൽ.ഡി. എഫ് ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക പുറത്തിറക്കി. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പ്രകടന പത്രികയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപൻ, എൽ.ഡി.എഫ് കൺവീനർ അലക്‌സ് കണ്ണമ്മല, സി.പി.ഐ ജില്ലാ സെക്രട്ടറി എ. പി ജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പത്രികയിലെ പദ്ധതികൾ

  • ജില്ലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും.
  • ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കും.
  • ജലാശയങ്ങളും നീരൊഴുക്കും മാലിന്യ മുക്തമാക്കാനും , മണ്ണ് സംരക്ഷണത്തിനും സമഗ്ര പദ്ധതി രൂപീകരിക്കും.
  • അഭ്യസ്ഥവിദ്യരെ കാർഷികമേഖലയിലേക്ക് ആകർഷിക്കും വിധം ആധുനിക ജൈവ, സാങ്കേതിക വിദ്യകൾ നടപ്പാക്കും.
  • തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കും. കർഷകർക്ക് ഇൻസെന്റീവ് നൽകും. നെല്ല് സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കും.
  • വന്യമൃഗ ആക്രമണങ്ങൾ തടയാൻ സർക്കാരുമായി ചേർന്ന് നടപടി സ്വീകരിക്കും.
  • കർഷകർക്ക് പട്ടയം ലഭ്യമാക്കും.
  • റബറധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങും.
  • സമ്പൂർണ ശുചിത്വ പരിപാടി നടപ്പാക്കും.
  • പാലിയേറ്റീവ് കെയർ രംഗത്ത് കുടുംബശ്രീയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.
  • വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് സെന്ററുകൾ, 5 മുതൽ 10വരെ റെസിഡൻഷ്യൽ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കും.
  • കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ശാസ്ത്രീയ ആസൂത്രണം നടപ്പാക്കും. ഇനിയും കിടപ്പാടമില്ലാത്ത കുടുംബങ്ങളെ ലൈഫ് മിഷനുമായിചേർന്ന് പുനരധിവസിപ്പിക്കും.
  • ആദിവാസി ഊരുകൾക്ക് പ്രത്യേക പദ്ധതി, അവർക്കാവശ്യ മായ ഭൂമി ലഭ്യമാക്കാൻ സർക്കാർ സഹായത്തോടെ നടപടി.
  • ശബരിമല ഇടത്താവളങ്ങൾ നവീകരിക്കാനും സീസണ്‌ശേഷം കൺവെൻഷൻ സെന്ററുകളായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വിപുലീകരിക്കും .
  • അന്യ സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കും.
  • പ്രവാസികളുടെ സഹായം ലഭ്യമാക്കാൻ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കും.
  • ജില്ലയിലെ പൈതൃക സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കും. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. പൈതൃക കലകളെ പ്രോത്സാഹിപ്പിക്കും.
  • സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും.തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നൽകും.

ടൂറിസം പദ്ധതികൾ

ജലസംഭരണികൾ, നദികൾ, വനപ്രദേശങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ, ജലോത്സവങ്ങൾ, അനുഷ്ഠാന കലകൾ എന്നിവ ഉൾപ്പെടുത്തി പിൽഗ്രിം, അഡ്വഞ്ചർ ടൂറിസം പദ്ധതികൾ തയ്യാറാക്കും. പടയണിക്ക് പരിഗണന നൽകും.

എല്ലാ വാർഡിലും ഗ്രന്ഥശാലകൾ രൂപീകരിക്കും.ജില്ലയിലെ പള്ളിയോടങ്ങൾക്ക് വർഷംതോറും 15000 രൂപ വീതം ഗ്രാന്റ് നൽകും.