കാവന്റെ ഏകാന്തവാസത്തിന് വിരാമം, ഇനി സൗഹൃദത്തിന്റെ നാളുകൾ

Tuesday 01 December 2020 1:41 AM IST

നോം പെൻ: ഏകാന്തതയുടെ ഇരുമ്പുകൂടുകൾ ഭേദിച്ച കാവൻ ഇനി കംബോഡിയയിലെ വന്യജീവി സങ്കേതത്തിൽ മറ്റ് ആനകളുടെ സ്നേഹം നുകർന്ന് ജീവിക്കും. പരിസ്ഥിതി പ്രവർത്തകരുടേയും മൃഗസ്‌നേഹികളുടേയും വർഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങളുടെ ഫലമായാണ് പാകിസ്ഥാനിലെ കാവൻ എന്ന 35കാരൻ ആനയുടെ ഏകാന്തവാസം അവസാനിച്ചത്.

കാവനെ മരുന്ന് നൽകി മയക്കി പ്രത്യേകമായി രൂപകല്‍പന ചെയ്ത കൂട്ടിലാക്കി ലോറിയിൽ കയറ്റിയാണ് ഇസ്ലാമാബാദ് വിമാനത്താവളത്തിൽ എത്തിച്ചത്. റഷ്യൻ യാത്രാവിമാനത്തിലാണ് കംബോഡിയയിലേക്ക് കാവൻ യാത്ര തിരിച്ചത്. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 ഓടെ കാവൻ കംബോഡിയയിൽ എത്തി.

പതിനായിരം ഹെക്ടർ വിസ്തൃതയുള്ള കംബോഡിയയിലെ വന്യജീവി സങ്കേതത്തിൽ ഒരു ഭാഗത്തായായാണ് കാവനെ ആദ്യം താമസിപ്പിക്കുക. അവിടെയുള്ള മറ്റാനകളെ കണ്ട് പരിചയമായ ശേഷം കാവനെ സ്വതന്ത്രനാക്കും.

 കാവന്റെ കഥ

സൗഹൃദത്തിന്റെ പ്രതീകമായി ശ്രീലങ്കയാണ് പാകിസ്ഥാന് കാവനെ സമ്മാനിക്കുന്നത്. എന്നാൽ,

2012ൽ കാവന്റെ കൂട്ടുകാരിയുടെ സഹേലി ചരിഞ്ഞതോടെ അവൻ തീർത്തും ഒറ്റപ്പെട്ടു. 2015ലാണ് ആദ്യമായി കാവന്റെ ദുരിവസ്ഥയെക്കുറിച്ച് പുറംലോകമറിയുന്നത്. കാവന്റെ ജീവിതത്തെ കുറിച്ചറിഞ്ഞ ലോകപ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ ഷെർ അവന്റെ രക്ഷയ്ക്കെത്തി. സാമൂഹ മാദ്ധ്യമങ്ങളിലൂടെ ഷെർ കാവനായി പ്രചാരണപ്രവർത്തനം ആരംഭിച്ചു. 2016ൽ കാവന് വേണ്ടി രണ്ട് ലക്ഷത്തോളം പേർ ചേർന്ന് നിവേദനം സമർപ്പിച്ചു. ഇടുങ്ങിയ സ്ഥലത്ത്, ശരിയായി ശ്വാസം പോലുമെടുക്കാനാവാതെ 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ശരീരം തണുത്തുറഞ്ഞ്, കുളിക്കാൻ പോലുമാകാതെ കഴിയുന്ന കാവന് വേണ്ടി മൃഗസ്നേഹികൾ ഒരുമിച്ചു.

കാവനെ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന'യെന്നാണ് പാക് കോടതി വിശേഷിപ്പിച്ചത്. ഒടുവിൽ, മേയ് 21ന് ഇസ്ലാമാബാദ് ഹൈക്കോടതി കാവനെ മോചിപ്പിക്കണമെന്ന് വിധിയെഴുതി. മുപ്പത് ദിവസത്തിനുള്ളിൽ കാവനെ പുനരധിവസിപ്പിക്കാൻ സാധിക്കുന്ന ഇടത്തെ കുറിച്ച് ശ്രീലങ്കയോടാലോചിച്ച് തീരുമാനമെടുക്കാൻ പാകിസ്ഥാന് കോടതി നിർദ്ദേശം നൽകി.

'ഞങ്ങൾ ദിവസങ്ങൾ എണ്ണിക്കഴിയുകയായിരുന്നു, ഈയൊരു നിമിഷത്തിനായി സ്വപ്‌നം കാണുകയായിരുന്നു. കാവൻ ഈ മൃഗശാലയിൽ നിന്ന് പുറത്തിറങ്ങി, ഇനിയവൻ എന്നും ഞങ്ങൾക്കൊപ്പമുണ്ടാകും, അവനിപ്പോൾ സ്വതന്ത്രനാണ്. - ഷെർ