ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാൻ നേതാക്കളുടെ നിര
പത്തനംതിട്ട: മുമ്പെങ്ങുമില്ലാത്ത ഒരു പകിട്ടുണ്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ മത്സരത്തിന്. മൂന്ന് മുന്നണികൾക്കും മികവുറ്റ സ്ഥാനാർത്ഥികൾ. പ്രചാരണത്തിനുമുണ്ട് വീറുംവാശിയും. ഒരു സ്ഥാനാർത്ഥിക്ക് പിന്നാലെ അടുത്ത സ്ഥാനാർത്ഥികളും വീട് കയറ്റ മത്സരത്തിലാണ്. നേതാക്കളും പ്രവർത്തകരുമെല്ലാം പല സ്ക്വാഡുകളായി തിരിഞ്ഞുള്ള വോട്ടുറപ്പിക്കൽ ഒരു ഭാഗത്ത്. ജില്ലാ പഞ്ചായത്ത് പോരാട്ടം മുറുകാൻ കാരണം ഒന്നേയുള്ളൂ, ഇത്തവണ പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ആ സ്ഥാനത്ത് ഇരിക്കാൻ ഇത്തവണ നേതാക്കളുടെ പട തന്നെയുണ്ട്.
അഞ്ച് തവണയായി നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാലിലും യു.ഡി.എഫിനായിരുന്നു ഭരണം. കോൺഗ്രസിന് തന്നെ അദ്ധ്യക്ഷൻമാർ.
ഇത്തവണയും ഭരണം നിലനിറുത്തുമെന്ന പ്രതീക്ഷിയിൽ കസേരയിൽ കണ്ണുംനട്ടവർ കോൺഗ്രസിൽ കുറവല്ല.
പ്രമാടം ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ഇലന്തൂർ ഡിവിഷൻ സ്ഥാനാർത്ഥി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി സത്യൻ, മലയാലപ്പുഴ ഡിവിഷനിൽ മത്സരിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായി സാമുവൽ കിഴക്കുപുറം എന്നിവരാണ് പട്ടികയിലെ പ്രമുഖർ.
ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്ന് എൽ.ഡി.എഫ് കരുതുന്നതിൽ കാര്യമുണ്ട്. യു.ഡി.എഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ജില്ലയിൽ അഞ്ച് എം.എൽ.എമാരും ചുവപ്പിന്റെ തട്ടകത്തിൽ നിന്നാണ്. നാല് നഗരസഭകളിൽ രണ്ടിലും ഇടതുഭരണം. 53 ഗ്രാമ പഞ്ചായത്തുകളിലും 25ഉും ഇടത്തുമാറി നിൽക്കുന്നു. യു.ഡി.എഫിന് 21. ബി.ജെ.പി മൂന്നിടത്ത്. നാലിടത്ത് എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് നയിക്കുന്നു. ഭരണം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ പ്രമുഖരായ മൂന്ന് പേരെ സി.പി.എം കളത്തിലിറക്കിയിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.ബി. ഹർഷകുമാർ (ഏനാത്ത് ഡിവിഷൻ), ഒാമല്ലൂർ ശങ്കരൻ (ഇലന്തൂർ), ആർ. അജയകുമാർ (കുളനട) എന്നിവരാണ് അവർ.
അക്കൗണ്ട് തുറക്കാൻ കച്ചകെട്ടിയിറങ്ങിയ എൻ.ഡി.എയുടെ പ്രമുഖൻ കുളനട ഡിവിഷനിൽ മത്സരിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയാണ്. നിലവിൽ കുളനട പഞ്ചായത്ത് പ്രസിഡന്റാണ്.