വി.വി. രാജേഷിന് മൂന്നിടത്ത് വോട്ട്, സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ,​ അയോഗ്യനാക്കുന്നതിന് കാരണമല്ലെന്ന് വിശദീകരണം ​

Monday 30 November 2020 10:58 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ പൂജപ്പുര വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന ആരോപണം സ്ഥിരീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ സ്ഥാനാർത്ഥിയെ അയോഗ്യനാക്കുന്നതിന് അത് കാരണമല്ലെന്നും കമ്മിഷൻ അറിയിച്ചു.

നവംബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വി.വി. രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. രാജേഷിന് മൂന്ന് സ്ഥലങ്ങളിൽ വോട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് സ്ഥലങ്ങളിൽ വോട്ടു ചെയ്താൽ മാത്രമെ നിയമ ലംഘനമാകൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

റോസാപൂ ചിഹ്നം നേരത്തെ ഉള്ളതാണ്. ഇതുവരെയും ആരും പരാതി പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥികളുടെ പേര് അക്ഷരമാല ക്രമത്തിൽ നൽകണമെന്നതും നിയമത്തിലുള്ളതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്കൊപ്പം അതേ പേരുള്ള അപരന്മാർക്ക് സ്ഥാനവും താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നവും നൽകിയതിൽ പ്രതിഷേധിച്ച് നേരത്തേ ബി.ജെ.പി രംഗത്ത് വന്നിരുന്നു.