ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്‌തു

Tuesday 01 December 2020 2:19 AM IST

കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയെ വിജിലൻസ് ചോദ്യംചെയ്‌തു. അർബുദ രോഗത്തിന് ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാൻ കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നൽകിയത്.

ചോദ്യംചെയ്യലിന്റെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി ശ്യാംകുമാർ പറഞ്ഞു. വീണ്ടും ചോദ്യംചെയ്യണമോയെന്ന കാര്യം മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായാണ് മൂന്നംഗ അന്വേഷണസംഘം ആശുപത്രിയിലെത്തിയത്. കോട‌തി നിർദ്ദേശപ്രകാരം ഒരു മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം 15 മിനിട്ട് ഇടവേള നൽകി. രാവിലെ പത്തിന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് നാലുമണിക്കാണ് പൂർത്തിയായത്.