നാലുദിവസം ചുഴലിക്കാറ്റും മഴയും ; കേരളത്തിൽ കനത്ത ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം ചുഴലിക്കാറ്റും പെരുമഴയുമായിരിക്കും. തെക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കർശനമായി വിലക്കി. കടലിൽ പോയ ബോട്ടുകളും വള്ളങ്ങളും കരയ്ക്കടുപ്പിക്കാൻ ദുരന്ത നിവാരണ സേന നിർദേശം നൽകി. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് നാളെ ചുഴലിക്കാറ്റായി വീശുന്നത്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റർ അടുത്തെത്തിയ കാറ്റ് ശ്രീലങ്കയ്ക്കും ഇന്ത്യയുടെ തെക്കൻ തീരത്തിനുമിടയിലൂടെ അറബിക്കടലിലേക്കും അവിടെ നിന്ന് ഒമാൻ തീരത്തേക്കുമാണ് കുതിക്കുന്നത്. വഴിതിരിഞ്ഞ് ഇന്ത്യൻതീരത്തടിച്ചാൽ കൊടിയ നാശം വിതയ്ക്കും. നാലു ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസം. 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 3ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഡിസം.4 ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതീവജാഗ്രത,നേരിടാൻ നേവിയും വ്യോമസേനയും
തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ സാദ്ധ്യത കണക്കിലെടുത്ത് സർക്കാർ അടിയന്തര സംവിധാനങ്ങൾ ഒരുക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. #ഇന്നലെ അർദ്ധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചു
- കടലിലുള്ളവർ സുരക്ഷിത തീരത്ത് എത്തണം
- തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ക്യാമ്പുകൾ
- സുരക്ഷതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കും.
- രക്ഷാപ്രവർത്തനത്തിന് കപ്പലുകൾ സജ്ജമാക്കി നിറുത്താൻ നേവിക്കും കോസ്റ്റ്ഗാർഡിനും നിർദേശം
- ഹെലികോപ്ടർ അടക്കം സജ്ജമാക്കാൻ വ്യോമസേനയ്ക്ക് നിർദേശം
- ദേശീയ ദുരന്ത നിവാരണ സേനയുടെ 7 സംഘത്തെക്കൂടി ആവശ്യപ്പെട്ടു
- ഇരുപത്തിനാലു മണിക്കൂറും കൺട്രോൾ റൂം
- വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബിയുടെ സംഘങ്ങൾ
- ചെറിയ ഡാമുകൾ തുറന്നുവിടാൻ സാദ്ധ്യതയുള്ളതിനാൽ ശബരിമലയിൽ അടക്കം ജാഗ്രത