എടത്തനയിൽ തിരഞ്ഞെടുപ്പ് കുടുംബ കാര്യം
വാളാട്: ആദ്യ മത്സരമാണെങ്കിലും കൂട്ടിന് അമ്മയെ തന്നെ കിട്ടിയതിന്റെ സന്തോഷമാണ് മനീഷയ്ക്ക്. തവിഞ്ഞാൽ പഞ്ചായത്തിലെ പുത്തൂർ വാർഡിൽ മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർത്ഥിയാണ് കൊമേഴ്സ് ബിരുദധാരിയായ വി.ആർ.മനീഷ. അദ്ധ്യാപികയായ് പ്രവർത്തിച്ചതിന്റെ പരിചയവുമായ് അമ്മ ലീല എടത്തനയിൽ നിന്ന് താമര ചിഹ്നത്തിൽ തന്നെ ജനവിധി തേടുന്നു.
പൊതുപ്രവർത്തനത്തിൽ നേരത്തേയുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇരുവരും ആദ്യമായാണ്. വീട്ടുകാരുടേയും കൂട്ടുകാരുടേയും പിന്തുണ മനീഷയ്ക്കുണ്ട്. മകൾ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്ന് വരുന്നത് നല്ല കാര്യമായാണ് ലീലയും കാണുന്നത്. യുവതികൾ ഭരണ രംഗത്തെത്തുന്നത് മറ്റ് പെൺകുട്ടികൾക്കും പ്രചോദനമാകുമെന്ന് അവർ കരുതുന്നു.
ഇവർ മാത്രമല്ല, മറ്റു രണ്ടു പേർ കൂടി ഇവരുടെ തറവാടായ എടത്തന കുറിച്യ കുടുംബത്തിൽ നിന്ന് തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ലീലയുടെ സഹോദരന്റെ മകൻ വി.എ.ചന്ദ്രൻ, പതിനേഴാം വാർഡിൽ നിന്ന് സ്വന്തം കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ അമ്മാവന്റെ മകൾ പുഷ്പ മത്സരിയ്ക്കുന്നത് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ്. അതും സ്വന്തം വാർഡിൽ.
ഇവിടെ സ്ഥാനാർത്ഥികൾ മാത്രമല്ല വോട്ടർമാരിലേറെ പേരും ഈ തറവാട്ടുകാർ തന്നെയാണ്. മുന്നൂറിൽപ്പരം അംഗങ്ങളുള്ള വലിയ കുടുംബമാണ് എടത്തന. അവിടുത്തെ തിരഞ്ഞെടുപ്പ് ഒരു കുടുംബകാര്യമാവുന്നത് സ്വാഭാവികം മാത്രം.