ഗ്രാമപ്പോരിൽ കുതിച്ച് നാട്

Tuesday 01 December 2020 12:25 AM IST

തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ഏഴുനാൾ മാത്രം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്,​ നഗരസഭകൾ,​ കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാണ് മത്സരം. ഇനിയുള്ള 7 ദിവസത്തെ തിരഞ്ഞെടുപ്പ് വിശകലന വാർത്തകൾ കേരള കൗമുദിയിൽ വായിക്കാം

കൊല്ലം: കൊവിഡിനിടയിലും ഗ്രാമപ്പോരിൽ കുതിക്കുകയാണ് നാട്. തിരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞ എട്ടുമാസമായി അടഞ്ഞു കിടന്ന പല സ്ഥാപനങ്ങളും തുറന്നു. ഉറങ്ങിക്കിടന്ന മൈക്ക്,​ സൗണ്ട് മേഖലകൾ ഉണർന്നു. പ്രസുകളിൽ വലിയ തിരക്കായി. ഇക്കുറി മൂന്ന് പഞ്ചായത്ത് തലങ്ങൾ,​ കോർപ്പറേഷൻ,​ നഗരസഭകൾ എന്നിവിടങ്ങളിൽ പലേടത്തും ത്രികോണ മത്സരമാണ്. ഇടത്,​ വലത് മുന്നണികൾക്കൊപ്പം ശക്തമായ പ്രചാരണത്തോടെ ബി.ജെ.പിയും രംഗത്തുണ്ട്.

നിറഞ്ഞ് ബോർഡുകൾ നാടും നഗരവും മൂന്ന് മുന്നണികളുടെയും ബോർഡുകളും കൊടി തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അന്തിച്ചന്തകളിൽ സ്ഥാനാർത്ഥികൾ വോട്ട് ചോദിച്ചിറങ്ങുന്നത് പതിവായിരിക്കുന്നു. സ്വന്തം പേരും ചിഹ്നവും പതിച്ച മാസ്‌കുകൾ ധരിച്ചാണ് പല സ്ഥാനാർത്ഥികളും പ്രചാരണത്തിനെത്തുന്നത്. പ്രവർത്തകർക്കും ഈ മാസ്കുകൾ നൽകുന്നുണ്ട്.

മൈക്കിലൂടെ വോട്ടുപിടിത്തം മുന്നണികൾ മൈക്കിലൂടെയുള്ള ഇലക്ഷൻ പ്രചാരണത്തിൽ മുൻപന്തിയിലാണ്. പാരടിപ്പാട്ടുകളുടെ അകമ്പടിയോടെയാണ് മൈക്കിലൂടെ അനൗൺസ്മെന്റ് ഒഴുകിയെത്തുന്നത്. ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ കവല പ്രസംഗങ്ങൾ കുറവാണ്. യു.ഡി.എഫും എൽ.ഡി.എഫും അനൗൺസ്മെന്റ് വാഹനങ്ങൾ സജീവമാക്കിയപ്പോൾ എൻ.ഡി.എയുടെ വാഹനങ്ങൾ വന്നു തുടങ്ങുന്നതേയുള്ളൂ.

വീടുവീടാന്തരം വോട്ടോട്ടം പരമാവധി വീടുകൾ കേന്ദ്രീകരിച്ച് വലിയ പ്രചാരണമാണ് മുന്നണികൾ നടത്തുന്നത്. നിശ്ചിത വീടുകൾ മൂന്നു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥികൾ മിക്കവാറും ഒറ്റയ്ക്കും പാർട്ടിപ്രവർത്തകർ വെവ്വേറെയുമാണ് വോട്ടു ചോദിക്കാനെത്തുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എന്തുകാര്യത്തിനും കൂടെയുണ്ടാവുമെന്ന ഉറപ്പാണ് സ്ഥാനാർത്ഥികൾ നൽകുന്നത്.

( നമ്മുടെ പഞ്ചായത്തിൽ നാളെ - നേതാക്കൾ പറയുന്നു,​ ജയസാദ്ധ്യതകൾ ഇവയൊക്കെ )