ഊരാളുങ്കൽ സൊസൈറ്റി മുഖ്യമന്ത്രിയുടെ മറ: കെ.സുരേന്ദ്രൻ
പാലക്കാട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റെയും മറയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുമായും സി.പി.എമ്മുമായും അടുത്ത ബന്ധമുള്ള സ്ഥാപനത്തിലാണ് ഇ.ഡിയുടെ റെയിഡ് നടന്നിരിക്കുന്നത്. ഒരുതരത്തിലുള്ള ടെൻഡർ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കോടികളുടെ കരാർ ഊരാളുങ്കലിന് നൽകിയത്. കള്ളപ്പണം വെളുപ്പിക്കാനുള്ള സി.പി.എമ്മിന്റെ എളുപ്പവഴിയാണ് ഇത്തരത്തിലുള്ള കരാറുകളെന്നും പാലക്കാട് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഊരാളുങ്കലിന് പിണറായി ഭരണത്തിൽ ലഭിച്ച കരാറുകളുടെ വിശദാംശങ്ങൾ പുറത്ത് വിടണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരൻ വിമാനത്താവളം വഴി മാത്രമല്ല കടൽ വഴിയും സ്വർണക്കടത്ത് നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ എല്ലാ പ്രതിരോധവും തകരുമെന്നും സുരേന്ദ്രൻ പറഞ്ഞു.