കൊവിഡ് ബാധിതരിൽ 90% പേരും രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി

Tuesday 01 December 2020 3:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുലക്ഷത്തിലധികംപേർ കൊവിഡ് ബാധിതരായെന്നും ഇതിൽ 90 ശതമാനവും രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ചികിത്സയിലുള്ളത് 62,000 പേരാണ്. ഒക്ടോബറിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ അവസാനവാരം 97,000 പേർ ചികിത്സയിലുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടുക്കി, വയനാട്, കോട്ടയം തുടങ്ങിയ ജില്ലകളിൽ കേസുകൾ കൂടിയിട്ടുണ്ട്.

പോസ്റ്റ് കൊവിഡ് സിൻഡ്രം പലരിലും ഗുരുതരമാകുന്ന സ്ഥിതിവിശേഷമുണ്ട്. അതു കണക്കിലെടുത്താണ് സർക്കാർ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസകോശ രോഗങ്ങളുടെ ചികിത്സയ്ക്കായി നടത്തുന്ന ശ്വാസ് ക്ലിനിക്കുകളും പോസ്റ്റ് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.