പ്രതീക്ഷ സ്കോളർഷിപ്പ്, എച്ച്.എൽ.എൽ അപേക്ഷ ക്ഷണിച്ചു

Tuesday 01 December 2020 3:15 AM IST

തിരുവനന്തപുരം: എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി, പ്രൊഫഷണൽ, സാങ്കേതിക കോഴ്സുകൾക്കു പഠിക്കുന്ന ബി.പി.എൽ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളിൽ നിന്ന് സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ മെഡിസിൻ, എൻജിനിയറിംഗ്, ബിഫാം, ഡിപ്ലോമ, നഴ്സിംഗ്, ഐ.ടി.ഐ കോഴ്സുകൾക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ 30 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. അപേക്ഷാഫോം എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഓഫീസുകളിൽനിന്നോ www.lifecarehll.com ൽ നിന്നോ ലഭിക്കും. മാനേജർ (എച്ച്.ആർ), എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്, കോർപറേറ്റ് ആൻഡ് രജിസ്‌ട്രേഡ് ഓഫീസ്, എച്ച്.എൽ.എൽ ഭവൻ, പൂജപ്പുര, തിരുവനന്തപുരം 695012 വിലാസത്തിൽ 31നകം അപേക്ഷകൾ ലഭിക്കണം.

എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 30,000 രൂപ, എൻജിനിയറിംഗ്: 20,000, ബിഫാം, ഡിപ്ലോമ, നഴ്സിംഗ് :10,000,ഐ.ടി.ഐ: 5000 രൂപ എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ് തുക. ഓരോ വിഭാഗത്തിലും അഞ്ച് സ്‌കോളർഷിപ്പ് വീതമാണ് പഠനകാലം മുഴുവൻ നൽകുന്നത്. വരുമാന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.