വൃദ്ധനായ കൊവിഡ് രോഗിയെ മാറോടണച്ച് ഡോക്ടര്‍; ഹൃദയസ്പര്‍ശിയായ ചിത്രം വൈറല്‍

Tuesday 01 December 2020 3:41 PM IST

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ കൊവിഡ് രോഗിയെ മാറോടണച്ച ഒരു ഡോക്ടറുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്. ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്ററിലെ പ്രധാന ഡോക്ടറാണ് ജോസഫ് വരോണ്‍ തുടര്‍ച്ചയായി കഴിഞ്ഞ 256 ദിവസമായി കൊവിഡ് രോഗികളെ പരിചരിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം അദ്ദേഹം വളരെ അസ്വസ്ഥനായ വൃദ്ധനെ കാണുകയായിരുന്നു. ഇദ്ദേഹത്തെയാണ് ഡോക്ടര്‍ ആശ്വസിപ്പിച്ചത്. നവംബര്‍ 26 ന് അമേരിക്കയിലെ താങ്ക്‌സ് ഗിവിംഗ് ഡേയിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് ഡോ. ജോസഫ് വരോണ്‍ പറയുന്നത് ഇങ്ങനെ, കൊവിഡ് ഐ.സി.യുവിലേക്ക് കടന്നപ്പോള്‍ അദ്ദേഹം പ്രായമായ ഒരു രോഗിയെ കാണുകയായിരുന്നു. അയാള്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് കടക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം ആ സമയത്ത് കരയുന്നതായും ഡോക്ടര്‍ ശ്രദ്ധിച്ചു.

അപ്പോള്‍ താന്‍ അടുത്തേക്ക് പോകുകയും എന്തുപറ്റിയെന്ന് ചോദിക്കുകയും ചെയ്തു. തന്റെ ഭാര്യയെ കാണണമെന്ന് രോഗി പറയുകയുമായിരുന്നു. അദ്ദേഹത്തിന്റെ മറുപടി കേട്ട് തനിക്കും അതീവ ദുഖമുണ്ടാകുകയും ചെയ്തു. താനും സമാനമായ ദുഖത്തിലായിരുന്നു. അപ്പോള്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. തുടര്‍ച്ചയായി 256 ദിവസമായി താന്‍ ജോലി ചെയ്തിരിക്കുകയാണ്. താന്‍ കെട്ടിപ്പിടിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരല്‍പ്പം ആശ്വാസമായിരുന്നു. എങ്കിലും, താന്‍ എന്താണ് ഇതുവരെ കരയാത്തത് എന്ന് അറിയില്ലെന്നും പലപ്പോഴും നഴ്‌സുമ്മാര്‍ കരയുന്നത് കണ്ടിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികളുടേതിന് സമാനമായ വേഷം ധരിച്ച ആളുകള്‍ക്ക് ഇടയിലൂടെ ഒരു മുറിയില്‍ താമസം ഈ അവസ്ഥ എങ്ങിനെയാണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കും. അതിന് പുറമെ, പ്രായമായ വ്യക്തിയായിരിക്കുമ്പോള്‍, ഒറ്റയ്ക്കായതിനാല്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ കരയുന്നു ചിലര്‍ രക്ഷപെടുവാനും ശ്രമിക്കും. കഴിഞ്ഞ ദിവസം ജനല്‍ വഴി ഒരാള്‍ രക്ഷപെടുവാന്‍ ശ്രമിച്ചിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. അദ്ദേഹം ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഡോക്ടര്‍ പറഞ്ഞു. ആളുകള്‍ ബാറുകള്‍, റെസ്റ്റോറന്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ തന്നെയുണ്ട്. ജനങ്ങള്‍ മാസ്‌ക് ധരിക്കുകയും കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ മാത്രമേ തങ്ങളേപ്പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.