മടുപ്പിക്കും ഇൗ സോഷ്യൽ മീഡിയ
പത്തനംതിട്ട : ഫേസ് ബുക്ക് തുറന്നാൽ സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന പടവും ഗ്രാഫിക് പ്രസൻ്റേഷനും, ആകെ ബഹളമയം. പലരും സ്ഥാനാർത്ഥികളുടെ പോസ്റ്റ് ഹൈഡ് ചെയ്തു തുടങ്ങി. തുടക്കത്തിലെ കൗതുകം അടങ്ങിയെന്ന് സാരം. സ്ഥാനാർത്ഥികളും അണികളും ലൈക്കടിയ്ക്കുകയും ഷെയർ ചെയ്യുകയും ചെയ്യും. ബാക്കിയുള്ളവർ വേഗത്തിൽ സ്ക്രോൾ ചെയ്ത് മാറ്റും. യുവാക്കളും വനിതകളും കൂടുതലായി മത്സരരംഗത്തേക്ക് എത്തിയപ്പോൾ പോസ്റ്ററുകൾ ഷെയർ ചെയ്ത് പഞ്ചായത്ത് മാറി വോട്ട് ചെയ്യാമോയെന്ന്... ചോദിച്ചവരൊക്കെ ഇതൊന്നു നിറുത്താ മോയെന്നായി ഇപ്പോൾ. എല്ലാ മുന്നണികൾക്കും സോഷ്യൽ മീഡിയ കോർഡിനേറ്റർമാരുണ്ട്. ഇവർ പഞ്ചായത്തും വാർഡും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു പോസ്റ്റ് അപ് ലോഡ് ചെയ്യുമ്പോൾ തന്നെ ലൈക്കും ഷെയറും നിരവധിയായിരുന്നു. ഇപ്പോൾ സ്ഥിതി മാറിയെന്നും കോർഡിനേറ്റർമാർ സമ്മതിയ്ക്കുന്നുണ്ട്. ഓരോ പ്രദേശത്തും വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ട്. മെസേജുകൾ നിരവധി എത്തുന്നത് അരോചകമായതോടെ ഇതിൽ നിന്ന് പലരും ലെഫ്റ്റ് ആയി തുടങ്ങി. ചിലർ ഗ്രൂപ്പുകൾ മ്യൂട്ട് ചെയ്തിരിക്കുകയാണ്. ബ്ലോക്കാക്കി മുങ്ങിയവർ വേറെ. യുവാക്കൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും മുതിർന്നവർ ഇതൊന്നും ഗൗനിക്കുന്നതേയില്ല. ഈ സാഹചര്യത്തിൽ നേരിൽകണ്ട് വോട്ട് തേടുകയാണ് സ്ഥാനാർത്ഥികൾ.