ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിന് ഒരുക്കങ്ങളായി

Tuesday 01 December 2020 10:01 PM IST

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ കേരള 9ാംഎഡിഷൻ ഡിസംബർ 17,18,19 തീയതികളിൽ നടക്കും. കൊവിഡ് കണക്കിലെടുത്ത് ടൈക്കോൺ വെർച്ച്വൽ ആയാണ് സംഘടിപ്പിക്കുന്നത്.

മൂന്ന് ദിവസത്തെ വെർച്വൽ കോൺഫറൻസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഡിസംബർ 17ന് വൈകീട്ട് 5.45 ന് ഉത്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1000 ലധികം യുവ സംരംഭകരും പ്രതിനിധികളും പങ്കെടുക്കും.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇൻഡസ് എന്റർപ്രണേഴ്‌സിന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകർ.

സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾക്കും അവരവരുടെ മേഖലകളിൽ വളർച്ചയ്ക്കുള്ള മാർഗ നിർദ്ദേശങ്ങളും ആത്മവിശ്വാസവും നൽകുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ പറഞ്ഞു.

40 ലധികം അന്താരാഷ്ട്ര സ്പീക്കർമാർ ടൈക്കോൺ കേരള 2020 ന് നേത്യത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ മെന്ററിംഗ് മാസ്റ്റർക്ലാസുകൾ, സ്റ്റാർട്ടപ്പ് ഷോകേസ്, ക്യൂറേറ്റഡ് നെറ്റ്‌വർക്കിംഗ് എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം. അൻപതിലധികംപ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും പങ്കെടുക്കും.

പ്രമുഖ സംരംഭകരുടെയും, ഏയ്ഞ്ചൽ നിക്ഷേപകരുടേയും, യൂണികോൺ സ്റ്റാർട്ടപ്പുകളുടേയും നേത്യത്വത്തിൽ യൂണികോൺ ജേർണി, ഫണ്ട് റേസിങ്ങ്, ഇന്നൊവേഷൻ എന്നിവയിൽ പാനൽ ചർച്ചകൾ സംഘടിപ്പിക്കും. ഹംഗറി പ്ലാനറ്റ് ഫുഡ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ ടോഡ് ബോയ്മാൻ, ബ്ലാബ്ലാക്കാർ സഹസ്ഥാപകനും സിഇഒയുമായ നിക്കോളാസ് ബ്രസ്സൻ, ഡ്രീം 11 സ്ഥാപകൻ ഹർഷ് ജെയിൻ, യെല്ലോ ഡോർ എനർജിയുടെ സ്ഥാപകൻ ജെറമി ക്രെയിൻ, ഫ്രെഷ് 2 ഹോം സഹ സ്ഥാപകൻ ഷാൻ കടവിൽ, സെക്വോയ ക്യാപിറ്റൽ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദൻ, 100 എക്‌സ് വിസി സഞ്ജയ് മേത്ത, ഇന്നോവേഷൻ തിങ്കറും പൊട്ടൻഷ്യൽസ് ആന്റ് പോസിബിലിറ്റീസ് സ്ഥാപകനുമായ ഡോ. കൗസ്തുബ് ധർഗാൽക്കർ എന്നിവർ വിവിധസെഷനുകൾക്ക് നേതൃത്വം നൽകുമെന്ന് ടൈക്കോൺ കേരള ഡയറക്ടർ ഹരികൃഷ്ണൻ നായർ പറഞ്ഞു.

വെർച്വൽ ഇവന്റിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.https://tieconkerala.org ൽ ലോഗിൻ ചെയ്യുക ഫോൺ9: +91 702588 8862, ഇമെയിൽ:info@tiekerala.org