ഇനിയെങ്കിലും സഞ്ജു...

Wednesday 02 December 2020 12:16 AM IST

ഇന്ത്യ ആസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന് കാൻബറയിൽ

ഒരു ജയമെങ്കിലും നേടി ആശ്വാസം കണ്ടെത്താൻ ഇന്ത്യ

സഞ്ജു സാംസണിന് ഇന്ന് അവസരം നൽകിയേക്കും

കാൻബെറ : ആസ്ട്രേലിയയിലെത്തി ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരമ്പരയിൽ ഒരു വിജയമെങ്കിലും കണ്ടെത്താനുള്ള അവസാന അവസരമാണിന്ന്.മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാനമത്സരം ഇന്ന് ഇന്ത്യൻ സമയം രാവിലെ 9.10 മുതൽ കാൻബെറയിലാണ് നടക്കുക.

സിഡ്നിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും കണക്കിലേറെ റൺസ് വഴങ്ങി ചേസ് ചെയ്ത് തോറ്റത്വിരാട് കൊഹ്‌ലിയുടെയും സംഘത്തിന്റെയും ആത്മവിശ്വാസം തകർത്തിട്ടുണ്ട്. കൊവിഡിന്റെ വരവിന് ശേഷം നടന്ന ആദ്യ പരമ്പരയിൽ ടീമെന്ന നിലയിലെ പ്രകടനത്തിലെ നിലവാരക്കുറവാണ് വീഴ്ചയ്ക്ക് വഴിയൊരുക്കിയത്. നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാനും വരാനിരിക്കുന്ന ട്വന്റി-20,ടെസ്റ്റ് പരമ്പരകളെ ധൈര്യത്തോടെ നേരിടാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യൻ ബാറ്റിംഗിനെ ഏറെ അലട്ടുന്നുണ്ട്.പകരം ഓപ്പണിംഗിന് അവസരം നൽകിയ മയാങ്ക് അഗർവാൾ രണ്ട് മത്സരങ്ങളിലും അവസരത്തിനൊത്ത് ഉയർന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തണമെന്ന് സച്ചിൻ ടെൻഡുൽക്കർതന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.കെ.എൽ രാഹുലിനെ ഓപ്പണിംഗിന് ഇറക്കണമെന്നാണ് സച്ചിൻ പറയുന്നത്.

മയാങ്കിന് പകരം രാഹുലിനെ ഓപ്പണറാക്കുകയാണെങ്കിൽ മദ്ധ്യനിരയിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.സഞ്ജുവിനെ ആദ്യം ട്വന്റി-20 പരമ്പരയിലേക്ക് മാത്രമാണ് ഉൾപ്പെടുത്തിയതെങ്കിലും പിന്നീട് ഏകദിനത്തിലേക്കും ഉൾപ്പെടുത്തുകയായിരുന്നു.ആ സ്ഥിതിക്ക് ഒരു ഏകദിനത്തിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

ബാറ്റിംഗിനേക്കാൾ ഇന്ത്യയെ അലട്ടുന്നത് ബൗളിംഗാണ്.മികച്ച പേസർമാരായ ഷമിയും ബുംറയും ശരാശരിയിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് സിഡ്നിയിൽ കണ്ടെത്തത്. ഇരുവർക്കും പിന്തുണ നൽകാൻ മൂന്നാം പേസറായ നവ്ദീപ് സെയ്നിക്ക് കഴിയാതെപോയതാണ് വലിയ പ്രശ്നം. അതുകൊണ്ടാണ് ഒരു വർഷത്തിലേറെയായി ബൗളിംഗ് ചെയ്യാതിരുന്ന ഹാർദിക്ക് പാണ്ഡ്യയെക്കൊണ്ട് രണ്ടാം ഏകദിനത്തിൽ അഞ്ചോവർ എറിയിക്കേണ്ടിവന്നത്. ആദം സാംപ മികവ് കാട്ടുന്ന പിച്ചിൽ യുസ്‌വേന്ദ്ര ചഹലിനും രവീന്ദ്ര ജഡേജയ്ക്കും പിഴയ്ക്കുന്നതും ക്യാപ്ടൻ കൊഹ്‌ലിയെ അലട്ടുന്നു. സെയ്നിക്ക് പകരക്കാരനായി ടി.നടരാജനെ കളിപ്പിച്ചേക്കും.

രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ബാറ്റ്സ്മാൻ ഡേവിഡ് വാർണറെക്കൂടാതെയാണ് ആസ്ട്രേലിയ കളിക്കാനിറങ്ങുന്നത്. അടിവയറ്റിന് പരിക്കേറ്റ വാർണർ ട്വന്റി-20 പരമ്പരയിലും ഉണ്ടാവില്ല.രണ്ട് മത്സരങ്ങളിലും വാർണർ (69,83) അർദ്ധസെഞ്ച്വറികൾ നേടിയിരുന്നു.

5

തുടർച്ചയായ അഞ്ച് ഏകദിനങ്ങളിലാണ് ഇന്ത്യ തോറ്റിരിക്കുന്നത്. ഈ വർഷമാദ്യം നടന്ന ന്യൂസിലാൻഡ് പര്യടനത്തിലെ ഏകദിന പരമ്പര 0-3ന് തോറ്റിരുന്നു.

66

റൺ​സി​നായി​രുന്നു ആദ്യ ഏകദി​നത്തി​ലെ തോൽവി​.ടോസ് നേടി​ ബാറ്റിംഗി​നി​റങ്ങി​യ ആസ്ട്രേലി​യ 374/6 എന്ന സ്കോർ ഉയർത്തി​.ഫി​ഞ്ചും (114),സ്മി​ത്തും (105) സെഞ്ച്വറി​കളും വാർണർ അർദ്ധസെഞ്ച്വറി​യും (69) നേടി​. ഇന്ത്യയുടെ മറുപടി​ 308/8ലൊതുങ്ങി​.ധവാൻ (74),ഹാർദി​ക്ക് പാണ്ഡ്യ (90) എന്നി​വരാണ് അൽപ്പമെങ്കി​ലും ചെറുത്തുനി​ന്നത്.ഇന്ത്യൻ ബൗളർമാരി​ൽ ബുംറയും സെയ്നി​യും ചഹലും നന്നായി​ തല്ലുകൊണ്ടു.ഓസീസി​ന് വേണ്ടി​ സ്പി​ന്നർ സാംപ നാലുവി​ക്കറ്റുകളും പേസർ ഹേസൽവുഡ് മൂന്ന് വി​ക്കറ്റുകളും വീഴ്ത്തി​.

51

റൺ​സി​നായി​രുന്നു രണ്ടാം തോൽവി​.വീണ്ടും ടോസ് നേടി​ ആസ്ട്രേലി​യ ബാറ്റിംഗി​നി​റങ്ങി​ നാലുവി​ക്കറ്റ് നഷ്ടത്തി​ൽ നേടി​യത് 389 റൺ​സ് !.സ്മി​ത്തി​ന്റെ രണ്ടാം സെഞ്ച്വറി​യും (104) വാർണർ (83), ഫി​ഞ്ച് (60),ലബുഷാനെ (70),മാക്സ്‌വെൽ(63) എന്നി​വരുടെ അർദ്ധസെഞ്ച്വറി​കളുമാണ് വെടി​ക്കെട്ടൊരുക്കി​യത്.ഇന്ത്യൻ നി​രയി​ൽ കൊഹ‌്ലി​(89),രാഹുൽ (76) എന്നി​വർ മാത്രമാണ് പൊരുതി​നോക്കി​യത്.ഇത്തവണ ഷമി​ ഉൾപ്പടെ പൊതി​രെ തല്ലുവാങ്ങി​ക്കൂട്ടി​.

തോൽവി​കൾ ഇങ്ങനെ

350ലേറെ റൺസ് ലക്ഷ്യവുമായാണ് രണ്ട് മത്സരങ്ങളിലും ഇന്ത്യ ബാറ്റുചെയ്യാനിറങ്ങിയത്.300ൽ പുറത്ത് റൺസ് സ്കോർ ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും തോൽവി ഒഴിവാക്കാനാകുമെന്ന് മത്സരങ്ങളുടെ ഒരു ഘട്ടത്തിലും തോന്നിയിരുന്നില്ല. ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന് ലക്ഷ്യബോധമില്ലാത്ത ബൗളിംഗ്.രണ്ട് എത്തിപ്പിടിക്കാൻ ശേഷിയില്ലാത്ത ബാറ്റിംഗ്.

മാക്സ് ഫാക്ടർ

ആദ്യ രണ്ട് ഏകദി​നങ്ങളി​ലും ഇരുടീമുകളെയും വേർതി​രി​ച്ചത് ഗ്ളെൻ മാക്സ്‌വെല്ലി​ന്റെ പ്രകടനമാണ്.ഐ.പി​.എല്ലി​ൽ തീർത്തും നി​റംകെട്ടി​രുന്ന മാക്സ്‌വെൽ ആദ്യ ഏകദി​നത്തി​ൽ 19 പന്തുകളി​ൽ നി​ന്ന് നേടി​യി​രുന്നത് 45 റൺ​സ്.രണ്ടാം ഏകദി​നത്തി​ൽ 29 പന്തുകളി​ൽ 63 റൺ​സും. അവസാനഓവറുകളി​ൽ ഈ രീതി​യി​ൽ ബാറ്റുചെയ്യുന്ന ബാറ്റ്സ്മാൻ ഇല്ലാതെപോയി​. സഞ്ജുവി​നെ ഈ പൊസി​ഷനി​ലേക്കാണ് പരീക്ഷി​ക്കാൻ സാദ്ധ്യത.

9.10 am

മുതൽ സോണി​ ടി​വി​യി​ൽ ലൈവ്.

ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.ആസ്ട്രേലിയയിലെ പിച്ചുകളിൽ കെ.എൽ രാഹുലിനെപ്പോലൊരു ബാറ്റ്സ്മാനെ ഓപ്പണിംഗിന് ഇറക്കണം.

- സച്ചിൻ ടെൻഡുൽക്കർ