സംവരണമില്ലെങ്കിലെന്താ.. ചെറുവാടിയിൽ ആമിനയുണ്ട്

Wednesday 02 December 2020 12:11 AM IST

മുക്കം: സംവരണമില്ലെങ്കിലും ആമിന പാറക്കൽ കൊടിയത്തൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്, വികസനത്തിന് നാട്ടുകാർ നൽകിയ പിൻബലത്തിൽ. ഇരുവഞ്ഞിപുഴയും ചാലിയാറും കതിരണിയും പാടവും അതിരിടുന്ന ചെറുവാടി വാർഡ് ഇത്തവണ ജനറൽ വാർഡാണ്. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇതേ വാർഡിൽ ആമിനയുടെ രണ്ടാമങ്കം. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന കഴിഞ്ഞ അഞ്ചു വർഷം പഞ്ചായത്തിലും വാർഡിലും നടത്തിയ വികസന പ്രവർത്തനങ്ങളുടെ കരുത്തുണ്ട് ആമിന പാറക്കലിന്റെ പോരാട്ടത്തിന്. പോസ്റ്ററുകളിൽ ചിരിച്ചുനിൽക്കുന്ന സ്വന്തം ഫോട്ടോ വരുന്നതിനേക്കാൾ അവർക്കിഷ്ടം നാടിന്റെ വികസന കാഴ്ചകളാണ്. റോഡും തോടും കെട്ടിടങ്ങളും.. അങ്ങനെ നീളുന്നു ആമിനയുടെ പോസ്റ്ററുകൾ. എതിരാളിയായി പ്രവാസി വ്യവസായി കൊട്ടുപുറത്ത് മജീദാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെ ചിഹ്നം തട്ടിയെടുത്തും അപരയെ ഇറക്കിയും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് എതിരാളികൾ. ആമിനയുടെ വിജയ ചിഹ്നമായ കാറാണ് അപരയായ ആമിന പാറപുറത്തിന്റെ ചിഹ്നം. എന്നാൽ കാർ പോയാലും സാധാരണക്കാരുടെ വാഹനമായ സ്കൂട്ടറിൽ വിജയിച്ചെത്താൻ യാത്ര തിരിച്ചിരിക്കുകയാണ് ആമിന പാറക്കൽ. യു.ഡി.എഫ് സ്ഥാനാർത്ഥി കൊട്ടുപുറത്ത് മജീദിനുമുണ്ട് കൊടിഞ്ഞി പുറത്ത് മജീദെന്ന അപരൻ. എന്തായാലും അപരൻമാരും മുന്നണി സ്ഥാനാർത്ഥികളും തമ്മിലുള്ള പോരാട്ടത്തിൽ ചെറുവാടിയിൽ പൊടിപാറും.