തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പൊലീസ് പടയൊരുക്കം
കൊല്ലം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കും. സിറ്റി - റൂറൽ പൊലീസ് ജില്ലകളെ കൂടുതൽ സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. നിലവിലുള്ള പൊലീസ് സബ് ഡിവിഷനുകളെ വീണ്ടും തരംതിരിച്ച് ഡിവൈ.എസ്.പി മാരുടെ കീഴിൽ പ്രത്യേകം മേഖലകളായി തിരിച്ചാണ് ക്രമീകരണം. പരസ്യ പ്രചാരണം അവസാനിക്കുന്ന ഡിസംബർ 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഇവരുടെ നിയന്ത്രണത്തിലാകും ഓരോ പ്രദേശങ്ങളും. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കൊപ്പം കൊവിഡ് പ്രോട്ടോക്കോൾ പാലനവും ഇവരുടെ അധികാരപരിധിയിലാണ്.
4500ൽ അധികം പൊലീസ് ഉദ്യോഗസ്ഥർ
ഓഫീസർമാരുൾപ്പെടെ 4500ൽ അധികം പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സുരക്ഷ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ കഷ്ടിച്ച് 3000 ഓളം പൊലീസുകാരാണ് റൂറലിലും സിറ്റിയിലുമായി ആകെയുള്ളത്. ശേഷിക്കുന്ന മുഴുവൻ പൊലീസ് സേനാംഗങ്ങളും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ നിന്നെത്തണം. പൊലീസ് ആസ്ഥാനത്ത് നിന്നാണ് ഇതിനാവശ്യമായ പൊലീസുകാരെ നിയോഗിക്കുന്നത്. വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ള പരമാവധി പേരെ തിരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയോഗിക്കാനാണ് നീക്കം. വിമുക്ത ഭടന്മാരുൾപ്പെടെ ആയിരത്തോളം സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയോഗിക്കാനുള്ള നടപടികൾ തുടർന്ന് വരുകയാണ്. ഇതിൽ വിമുക്ത ഭടന്മാർ, റിട്ട. പൊലീസ് സേനാംഗങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങി 450 പേരോളം ഇതിനോടകം സേവനത്തിന് തയ്യാറായി എത്തിയിട്ടുണ്ട്. 1250 രൂപയാണ് ഇവർക്ക് ഒരു ദിവസത്തെ ശമ്പളം. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരും ഇന്നലെ മടങ്ങിയെത്തി. തിരഞ്ഞെടുപ്പിന് ശേഷമേ ഇവിടെ നിന്ന് ശബരിമല ഡ്യൂട്ടിക്കായി ഇനി പൊലീസുകാരെ നിയോഗിക്കൂ.
കൊല്ലം സിറ്റിയിൽ കമ്മിഷണർ നാരായണൻ:
കൊട്ടാരക്കര റൂറലിൽ എസ്.പി ഇളങ്കോ
കൊല്ലം സിറ്റിയിൽ കമ്മിഷണർ നാരായണനും കൊട്ടാരക്കര റൂറലിൽ എസ്.പി ഇളങ്കോയ്ക്കുമാണ് സുരക്ഷാ ചുമതല. ഓരോ ബൂത്തിലും ഓരോ പൊലീസുകാരെയാണ് പോളിംഗ് ദിവസം നിയോഗിക്കുക. രണ്ട് ബൂത്തുകൾ പ്രവർത്തിക്കുന്നിടത്ത് ഒരു പൊലീസ് സേനാംഗത്തെയും ഒരു സ്പെഷ്യൽ പൊലീസ് ഓഫീസറെയും നിയോഗിക്കും. പട്രോളിംഗ് വാഹനങ്ങളിൽ എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഓരോ പൊലീസ് സ്റ്റേഷനിലും സ്റ്റേഷൻ വാഹനങ്ങൾ കൂടാതെ പത്ത് വീതം പട്രോളിംഗ് യൂണിറ്റുകളുമുണ്ടാകും. കൂടാതെ എല്ലാ സബ് ഡിവിഷനുകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ പട്രോളിംഗ് യൂണിറ്റുകളും ജില്ലാ തലത്തിൽ എസ്.പിയുടെയും കമ്മിഷണറുടെയും ഡി.ജി.പിയുടെയും പ്രത്യേക പട്രോളിംഗ് യൂണിറ്റുകളും തിരഞ്ഞെടുപ്പ് ചുമതലകൾക്കായി സജ്ജമാകും.