ഏറ്റുമുട്ടൽ സി.പി.ഐയും ഐ.എൻ.എല്ലും തമ്മിൽ

Thursday 03 December 2020 12:02 AM IST

കാഞ്ഞങ്ങാട്: പള്ളിക്കര പഞ്ചായത്തിലെ പതിനേഴാം വാർഡായ പൂച്ചക്കാട് എൽ.ഡി.എഫിലെ രണ്ടുഘടകകക്ഷികളുടെ ഏറ്റുമുട്ടൽ മുന്നണിയിലെ പ്രധാന പാർട്ടിയായ സി.പി.എമ്മിനും തീർക്കാനായില്ല. സി.പി.എം ജില്ലാ നേതൃത്വം രണ്ട് ഘടകകക്ഷികളെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും ഒരു വിട്ടുവീഴ്ച്ചയ്ക്കും ഇരുകക്ഷികളും നിന്നില്ല.

മുസ്ലിം ലീഗിന്റെ സിറ്റിംഗ് വാർഡാണ് പൂച്ചക്കാട്. കഴിഞ്ഞ പ്രാവശ്യം എസ്.സി വിഭാഗത്തിലെ സുന്ദര ബേക്കലാണ് ലീഗ് ടിക്കറ്റിൽ മത്സരിച്ചത്. 175 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. മുന്നണി മര്യാദയനുസരിച്ച് തങ്ങൾക്കാണ് സീറ്റ് നൽകേണ്ടതെന്നാണ് സി.പി.ഐയുടെ വാദം. സീറ്റ് വിട്ടുകൊടുത്താൽ വാർഡ് നഷ്ടപ്പെടുമെന്നാണ് ഐൻ.എൻ.എല്ലിന്റെ വാദം. ഐ.എൻ.എൽ സ്ഥാനാർത്ഥിയായി ഹസീനയും സി.പി.ഐയ്ക്കായി ലിജ അബൂബക്കറുമാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഹസീന മുനീറും മത്സരിക്കുന്നു. ഇവർക്ക് പുറമെ ബി.ജെ.പി സ്ഥാനാർത്ഥിയായി ഗീത പൂച്ചക്കാടും രംഗത്തുണ്ട്.

എൽ.ഡി.എഫ് ഭരണത്തിലുള്ള പള്ളിക്കര പഞ്ചായത്തിൽ രണ്ട് സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ അനാരോഗ്യകരമായ മത്സരം മറ്റുവാർഡുകളിൽ കൂടി ബുദ്ധിമുട്ടുണ്ടാക്കുമോയെന്ന ആശങ്കയിലാണ് സി.പി.എം.

ഇടതുമുന്നണിയിൽ സി.പി.എമ്മിന് പതിനൊന്നും ഐ.എൻ.എല്ലിന് ഒന്നും വാർഡുകളാണ് കഴിഞ്ഞ തവണ ലഭിച്ചിരുന്നത്. യു.ഡി.എഫിൽ മുസ്ലിം ലീഗിന് എട്ടും കോൺഗ്രസിന് രണ്ടും വാർഡുകളാണുള്ളത്.