കല്യാണ ക്ഷണക്കത്തല്ല; ഇത് വോട്ടുകാർഡ്
നിലമ്പൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി അടുക്കുംതോറും പ്രചാരണ പ്രവർത്തനങ്ങളിൽ വ്യത്യസ്തതകൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ് സ്ഥാനാർത്ഥികൾ. നിലമ്പൂർ നഗരസഭയിലെ വരടേമ്പാടം ഡിവിഷനിൽ മത്സരിക്കുന്ന ഇടത് വികസനമുന്നണി സ്ഥാനാർത്ഥി പി.ഗോപാലകൃഷ്ണന്റെ വോട്ടഭ്യർത്ഥന കാർഡ് ഇത്തരത്തിലൊന്നാണ്. കല്യാണ ക്ഷണക്കത്തിന്റെ മാതൃകയിലാണ് അഭ്യർത്ഥന അച്ചടിച്ചിരിക്കുന്നത്. നഗരസഭ തിരഞ്ഞെടുപ്പ് ക്ഷണപത്രമെന്ന് രേഖപ്പെടുത്തിയ കാർഡിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയും അടയാളമായ ഓട്ടോറിക്ഷയുടെ ചിത്രവുമാണ്. തുടർന്ന് സ്ഥാനാർത്ഥിയുടെ പേരും ഡിവിഷനും നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതിയും സ്ഥലവും വോട്ടിംഗ് സമയവും രേഖപ്പെടുത്തി, അന്നേദിവസം കുടുംബത്തോടെയെത്തി തനിക്ക് വോട്ട് ചെയ്യണമെന്നാണ് ക്ഷണക്കത്തിലെ അഭ്യർത്ഥന. സുഹൃത്തുക്കളുടെ ആശയമാണ് വ്യത്യസ്തതയ്ക്ക് പിന്നിലെന്ന് സ്ഥാനാർത്ഥി പറയുന്നു. വോട്ടർമാരുടെ ശ്രദ്ധ നേടുന്നതിന് കൗതുകകരമായ ഇത്തരം തന്ത്രങ്ങൾ പൊതുവേ സ്ഥാനാർത്ഥികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.