ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡ് ഒഴിച്ചു; പ്രതി ഒളിവിൽ
കൊല്ലം: ഇരവിപുരം വാളത്തുംഗലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി ഇരവിപുരം പൊലീസ് അന്വേഷണം ഊർജിതമാക്കി. വാളത്തുംഗൽ മംഗാരത്ത് കിഴക്കതിൽ വീട്ടിൽ രജിക്കും (34), മകൾ ആദിത്യയ്ക്കും (14) നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.
മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ രജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് രജിക്ക്. ആദിത്യയുടെ പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. വാളത്തുംഗൽ ഇല്ലംനഗർ 161 മങ്ങാരത്ത് കിഴക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രജിയുടെ ഭർത്താവായ ജയനെ (36) പിടികൂടാൻ ഇരവിപുരം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പാരിപ്പള്ളി കേന്ദ്രീകരിച്ച് മതിലും കിണറിന്റെ ഉറയും നിർമ്മിക്കുന്ന ജയൻ മദ്യപിച്ച് വീട്ടിലെത്തി രജിയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് ഒരുമാസമായി രജിയും മക്കളും കുടുംബവീട്ടിലും ജയൻ വാടകവീട്ടിലുമായിരുന്നു താമസം. ചൊവ്വാഴ്ച രാവിലെ ജയൻ രജിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. വൈകിട്ട് വീണ്ടും പ്രശ്നമുണ്ടാക്കാനെത്തിയപ്പോൾ പ്രദേശവാസി പൊലീസിനെ വിളിച്ചു. പൊലീസെത്തിയപ്പോഴേക്കും മുങ്ങിയ പ്രതി രാത്രി ഒൻപതോടെ തിരിച്ചെത്തി കൈയിൽ കരുതിയിരുന്ന ആസിഡ് രജിയുടെയും ഒപ്പമുണ്ടായിരുന്ന മൂത്തമകളുടെയും ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. രക്ഷപ്പെടുന്നതിനിടെ ജയന്റെ കൈവശമുണ്ടായിരുന്ന ആസിഡ് അയൽവാസികളായ ആദിത്യൻ, നിരഞ്ജന, പ്രവീണ എന്നിവരുടെ ദേഹത്തും തെറിച്ചുവീണു. നിസാര പൊള്ളലേറ്റ ഇവർ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാരാണ് രജിയെയും മകളെയും ആശുപത്രിയിലെത്തിച്ചത്. രാത്രി തന്നെ പൊലീസ് ജയനുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കെതിരെ ഗാർഹിക പീഡനം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ഇരവിപുരം പൊലീസ് അറിയിച്ചു.