ലൈഫിന്റെ എല്ലാ കരാറുകളിലും ശിവശങ്കറിന് കോഴയെന്ന് ഇ.ഡി

Thursday 03 December 2020 1:00 AM IST

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ എല്ലാ കരാറുകളിലും ശിവശങ്കറിന് കോഴ ലഭിച്ചിരുന്നതായി സംശയമുണ്ടെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരുകോടി രൂപ ശിവശങ്കറിനു ലഭിച്ച കൈക്കൂലിയാണെന്നും ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കി.

ലൈഫ് മിഷന്റെ 36 പദ്ധതികളിൽ 26ലും രണ്ടു കമ്പനികൾക്കു മാത്രം കരാർ ലഭിച്ചത് ഇതിനു തെളിവാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തു നൽകിയ വിശദീകരണത്തിലാണ് സർക്കാരിന്റെ വിവിധ പദ്ധതികളിൽ ശിവശങ്കറും കൂട്ടരും അനധികൃതമായി നേട്ടമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നത്. ലൈഫ്, കെ ഫോൺ പദ്ധതികളുടെ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി നൽകിയെന്നും വാട്സ്ആപ്പ് സന്ദേശങ്ങളിൽനിന്ന് ഇതു വ്യക്തമാണെന്നും വിശദീകരണത്തിൽ പറയുന്നു.

ശിവശങ്കറിന് ലൈഫ് പദ്ധതിയുമായി നേരിട്ടു ബന്ധമില്ലായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ഇടപെട്ടിരുന്നു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസും ഇതു ശരിവച്ചിട്ടുണ്ട്. യുണിടാക് ബിൽഡേഴ്സ് എം.ഡി സന്തോഷ് ഈപ്പനെ താൻ കാണുന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്നും യു.വി. ജോസ് വ്യക്തമാക്കിയിരുന്നു.

സ്മാർട്ട് സിറ്റി പദ്ധതിയുടെ മേൽനോട്ടച്ചുമതല ശിവശങ്കറിനുണ്ടായിരുന്നു. ഏറെക്കാലമായി പദ്ധതി നിശ്ചലമായിരുന്നു. എന്നാൽ സ്വപ്നയുടെ ഇടപെടലോടെ പദ്ധതി വീണ്ടും സജീവമായി. ടൗൺടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട ചിലരുടെ പേരുകളും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.