ഗണേശ് കുമാറിന്റെ സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ്

Thursday 03 December 2020 1:22 AM IST

കൊല്ലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെയും മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെയും ഒാഫീസും വീടുകളിലും നടന്ന റെയ്ഡിന്റെ സെർച്ച് റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു.പത്തനാപുരത്തെ എം.എൽ.എ ഓഫീസിൽ നടന്ന റെയ്ഡിൽ പുനലൂർ കോടതിയിലും കൊട്ടാത്തലയിലെ റെയ്ഡിൽ കൊട്ടാരക്കര കോടതിയിലുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട മൊബൈൽ ഫോണും സിംകാർഡും ലാപ്ടോപ്പുൾപ്പെടെയുള്ള ഉപകരണങ്ങളും കണ്ടെത്താനായി ബേക്കൽ പൊലീസിന്റെ നിർ‌ദേശാനുസരണം പുനലൂർ, കൊട്ടാരക്കര കോടതികളിൽ നിന്നുള്ള സെർച്ച് വാറന്റുമായാണ് പൊലീസ് ഇന്നലെ റെയ്ഡ് നടത്തിയത്.കേസുമായി ബന്ധപ്പെട്ട യാതൊന്നും കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് കോടതികളിൽ സമർപ്പിച്ചതെന്ന് പത്തനാപുരം, കൊട്ടാരക്കര സി.ഐമാർ വെളിപ്പെടുത്തി.