ചുഴലിക്കാറ്റിനൊപ്പം ഇടിമിന്നലും ഉണ്ടാകാം
തിരുവനന്തപുരം: ചുഴലിക്കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . ഇന്നും നാളെയും ഉച്ചയ്‌ക്ക് രണ്ടു മണി മുതൽ രാത്രി പത്തു വരെയാണ് ഇടിമിന്നലിന് സാദ്ധ്യത കൂടുതൽ. രാത്രി വൈകിയും ഇടിമിന്നലുണ്ടാകാം. ഇത്തരം ഇടിമിന്നൽ അപകടകാരിയാണ്.
ഉച്ചയ്‌ക്ക് രണ്ടുമുതൽ പത്തുവരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം. മഴക്കാറ് കാണുമ്പോൾ ഇടിമിന്നലുണ്ടെങ്കിൽ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോൾ ഫോൺ ഉപയോഗിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.
ഇടിമിന്നലുള്ളപ്പോൾ ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. ജലാശയത്തിൽ ഇറങ്ങരുത്. തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുതെന്നും അറിയിപ്പിൽ പറയുന്നു