ഒടുവിൽ മുല്ലപ്പളളി ഇറങ്ങി; കല്ലാമലയിൽ പ്രശ്‌ന പരിഹാരം, കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറും
കോഴിക്കോട്: യു ഡി എഫിൽ ദിവസങ്ങൾ നീണ്ട തർക്കത്തിന് ശേഷം വടകര ബ്ലോക്കിലെ കല്ലാമലയിൽ പ്രശ്‌ന പരിഹാരം. ആർ എം പി-യു ഡി എഫ് നേതൃത്വത്തിലുളള ജനകീയ മുന്നണിയിലെ സി സുഗുതനെതിരെയുളള കോൺഗ്രസിന്റെ സ്ഥാനാർത്ഥി കെ പി ജയകുമാർ മത്സര രംഗത്ത് നിന്നും പിന്മാറും. കെ പി സി സി നിർദേശത്തെ തുടർന്നാണ് പിന്മാറ്റം.
യു ഡി എഫ് ധാരണയ്ക്ക് വിരുദ്ധമായി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്റെ നാട്ടിൽ തന്നെ കോൺഗ്രസ് വിമതനെയിറക്കി കൈപ്പത്തി ചിഹ്നം നൽകിയതയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വടകര എം പി കെ മുരളീധരൻ അടക്കമുളളവർ പരസ്യമായി രംഗത്തെത്തിയതോടെ യു ഡി എഫിന് കല്ലുകടിയായി കല്ലാമല മാറുകയും ചെയ്‌തു. കെ മുരളീധരൻ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ പ്രശ്‌ന പരിഹരമായിരിക്കുന്നത്.
യു ഡി എഫിന്റെ ജയസാദ്ധ്യതയ്ക്ക് വിരുദ്ധമായ ഒരു നീക്കവും ഉണ്ടാവില്ലെന്നും കൈപ്പത്തി ചിഹ്നത്തിൽ താൻ നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്നും കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. ജനകീയ മുന്നണി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ ഇന്ന് കെ മുരളീധരൻ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയെ കെ പി സി സി പിൻവലിച്ചത്.