8ാം വാർഡിൽ അച്ഛൻ, 7ാം വാർഡിൽ മകൻ
Friday 04 December 2020 12:05 AM IST
പത്തനംതിട്ട: മുമ്പ് അച്ഛനും അമ്മയും വിജയിച്ച സീറ്റിൽ ഇക്കുറി മത്സരിക്കുന്നത് മകനാണ്. തൊട്ടടുത്ത വാർഡിൽ അച്ഛനും മത്സരരംഗത്തുണ്ട്. നാരങ്ങാനം പഞ്ചായത്ത് മുൻ പ്രസിഡന്റ് കടമ്മനിട്ട കരുണാകരനും മകൻ അഡ്വ. മിഥുൻ എസ്. കരുണുമാണ് എൽ.ഡി. എഫ് പാനലിൽ മത്സരിക്കുന്നത്. എട്ടാം വാർഡ് കല്ലൂരിൽ കരുണാകരനും തൊട്ടടുത്ത ഏഴാം വാർഡ് ഇളപ്പുങ്കലിൽ മിഥുനും മത്സരിക്കുന്നു. കടമ്മനിട്ട കരുണാകരൻ അറിയപ്പെടുന്ന നാടക, സീരിയൽ നടനും വോളിബോൾ സംസ്ഥാന റഫറിസ് ബോർഡ് കൺവീനറുമാണ്. മിഥുൻ സ്കൂൾ യുവജനോത്സവ വേദികളിൽ കലാപ്രതിഭ ആയിരുന്നു. സ്കൂൾതലം മുതൽ വോളിബോൾ താരവുമാണ്. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി. കല്ലൂരിൽ വനിത സംവരണമായപ്പോൾ കടമ്മനിട്ട കരുണാകരൻ്റെ ഭാര്യ ഷീബയും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. നാട്ടിൽ അറിയപ്പെടുന്ന ഒരു കലാകുടുംബമാണ് ഇവരുടേത്.