വിറ്റുവരവിൽ ₹100 കോടി കടന്ന് കെ.എസ്.ഡി.പി

Friday 04 December 2020 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനിയായ കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.പി) വിറ്റുവരവ് ആദ്യമായി 100 കോടി രൂപ കടന്നു. 1974ൽ ആണ് കെ.എസ്.ഡി.പിയുടെ പ്രവർത്തനാരംഭം. 2016ലെ 26 കോടി രൂപയിൽ നിന്നാണ് ഇപ്പോൾ വിറ്റുവരവ് 100 കോടി രൂപയിലേക്ക് കുതിച്ചുയർന്നത്.

ഡിസംബർ രണ്ടിനാണ് ഈ അഭിമാനനേട്ടം കെ.എസ്.ഡി.പി കുറിച്ചത്. നൂതന സാങ്കേതികവിദ്യ അവലംബിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള മരുന്നാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. 2011ൽ ബീറ്റാ ലാക്ടം പ്ലാന്റിന്റെയും 2017ൽ ബീറ്റാലാക്ടം ഡ്രൈപൗഡർ ഇൻജക്ഷൻ പ്ലാന്റിന്റെയും പ്രവർത്തനം തുടങ്ങിയത് കരുത്തായി. 2019ൽ നോൺ ബാറ്റാലാക്ടം പ്ലാന്റ് തുറന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ രോഗികൾക്കായുള്ള മരുന്നുകളും അവസാനഘട്ട പരീക്ഷണത്തിലാണ്.