മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസിനസ് കൾച്ചർ അവാർഡ് യു എസ് ടി ഗ്ലോബലിന്
തിരുവനന്തപുരം : ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഈ വർഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസിനസ് കൾച്ചർ അവാർഡ് .. വെർച്വൽ ഈവന്റിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും ബിസ്‌നസ് മേഖലയിൽ അസാധാരണ മികവ് പുലർത്താനും കസ്റ്റമർ ഡെലിവറിയിൽ കാര്യക്ഷമത ഉറപ്പാക്കാനും കഴിയുന്ന വിധത്തിൽ മികവുറ്റ തൊഴിൽ അന്തരീക്ഷം ഒരുക്കി പുരോഗമന ചിന്ത മുന്നോട്ടുവെയ്ക്കുന്ന കമ്പനികളെയാണ് ബിസിനസ് കൾച്ചർ അവാർഡിന് പരിഗണിക്കുന്നത്.
ലോക്ഡൗൺ കാലത്ത് ജീവനക്കാരുടെ മുൻകൈയിൽ നടപ്പിലാക്കിയ സി.എസ്.ആർ പ്രവർത്തനങ്ങളും, ഇരുപത്തഞ്ചോളം രാജ്യങ്ങളിലെ ജീവനക്കാരെ ഒറ്റച്ചരടിൽ കോർത്തിണക്കി അവരിൽ പൊതുവായ ലക്ഷ്യബോധവും പാരസ്പര്യവും തീർക്കുന്ന 'കളേഴ്‌സ് ' എന്ന എംപ്ലോയി എൻഗേജ്‌മെന്റ് ഫ്രെയിംവർക്കും പ്രത്യേകം പരിഗണനാ വിധേയമായി.
കമ്പനി മുന്നോട്ടു വെയ്ക്കുന്ന മൂല്യങ്ങൾക്കും അതിന്റെ സാംസ്‌കാരികമായ ഔന്നത്യത്തിനും ലഭിച്ച ഉന്നതമായ ഈ അംഗീകാരത്തിൽ വിനയാന്വിതരാണെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളിൽ തൊഴിലിട സംസ്‌കാരത്തിൽ ഏറ്റവും ഉന്നതവും ആധികാരികവുമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് പ്ലേസ് ടു വർക്ക് അംഗീകാരവും യുഎസ്ടി ഗ്ലോബൽ നേടിയിട്ടുണ്ട്. 2020ലെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടിക്കൊടുത്ത ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡും കമ്പനി കരസ്ഥമാക്കിയിരുന്നു.