666 എന്നത് പിശാചിന്റെ നമ്പരോ? പിന്നിലൊരു നിഗൂഢതയുണ്ട്

Thursday 31 January 2019 2:25 PM IST

666 എന്നത് ചെകുത്താന്റെ നമ്പരാണെന്നും അത് ഉപയോഗിക്കുന്നത് അശുഭ ലക്ഷണമാണെന്നും നിരവധി പ്രചാരണങ്ങൾ എല്ലാവരും കേട്ടിട്ടുണ്ട്. ഇതൊന്നും വകവയ്‌ക്കാതെ ഈ നമ്പർ തങ്ങളുടെ വാഹനത്തിലും മറ്റും ഉപയോഗിക്കുന്നവരും ഏറെയാണ്. ഫാൻസി ഇനത്തിൽ വരുന്ന ഈ നമ്പർ സ്വന്തമാക്കാൻ വാഹന ഉടമകൾ ആയിരങ്ങൾ ചെലവഴിക്കുന്നതും നമ്മൾ കേട്ടിട്ടുണ്ട്. ഈ നമ്പർ ഉപയോഗിച്ചാൽ ഭാഗ്യം ലഭിക്കുമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ ശരിക്കും 666 എന്നത് ചെകുത്താന്റെ നമ്പരാണോ?​

ബൈബിളിലെ പുതിയ നിയമത്തിലാണ് 666 സാത്താന്റെ നമ്പറാണെന്ന് പ്രതിപാദിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ബൈബിളിൽ ഈ അക്കത്തെ ചെകുത്താന്റെ മാത്രമായി കൽപിച്ച് നൽകിയതെന്ന് അറിയാമോ?​ അതിന് പിന്നിൽ ബൈബിളിന്റെ പുതിയ നിയമത്തിൽ ഒളിച്ചിരിക്കുന്ന ഒരു രഹസ്യമുണ്ട്.

ഹീബ്രു ഭാഷയിൽ പുരാതന ഗ്രീക്കിലാണ് ബൈബിൾ പുതിയ നിയമം രചിക്കപ്പെട്ടത്. അക്കങ്ങളെ അക്ഷരമായി എഴുതാൻ കഴിയുമെന്നതാണ് ഈ ഭാഷയുടെ പ്രത്യേകത. ഗ്രീക്ക് അക്ഷരമാലയിൽ ആൽഫ,​ ബീറ്റ,​ ഗാമ എന്നിവ 1,​ 2,​ 3,​ എന്നിങ്ങനെ അക്കങ്ങളെ കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട്. കൂടാതെ 100,​ 1000,​ 10000,​ തുടങ്ങിയ വലിയ അക്കങ്ങൾ എഴുതാനായി അക്ഷരങ്ങളുടെ ഒരു കൂട്ടവും ഈ ഭാഷയിലുണ്ട്. എന്നു വച്ചാൽ എല്ലാ വാക്കുകൾക്കും ഒരു നമ്പർ ഉണ്ടെന്ന് ചുരുക്കം.

ബൈബിൾ പുതിയ നിയമം രചിക്കപ്പെടുന്ന കാലത്ത് റോമാ സാമ്രാജ്യത്തിന്റെ അധിപനായിരുന്നത് ഏറ്രവും വെറുക്കപ്പെട്ട ചക്രവർത്തിമാരിലൊരാളായ നീറോ സീസറായിരുന്നു. പല ചരിത്രകാരൻമാരും അദ്ദേഹത്തെ ചെകുത്താനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. മനുഷ്യവിരുദ്ധ പ്രവർത്തികളായിരുന്നു നീറോ സീസറിനെ വെറുക്കപ്പെട്ടവനാക്കിയത്.

666 എന്ന അക്കം ഹീബ്രു ഭാഷയിലേക്ക് മാറ്രിയെഴുതിയാൽ 'NERON KESAR' എന്നാണ് ലഭിക്കുക. ഹീബ്രുവിൽ നീറോ സീസറിനെ വിളിക്കുന്നത് ഇങ്ങനെയാണ്. തികഞ്ഞ ഏകാധിപതിയും ക്രൂരനുമായ ചക്രവർത്തിയായിരുന്ന നീറോയെ ചെകുത്താനെന്ന് വിളിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. അഥവാ അങ്ങനെ വിളിച്ചാൽ ക്രൂരമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താൽ നീറോ സീസറിനെതിരായ ചരിത്രത്തിന്റെ രേഖപ്പെടുത്തലാണ് 666 എന്ന അക്കത്തിലൂടെ ചരിത്രകാരന്മാർ നിർവ്വഹിച്ചത്.

എന്നാൽ ഗണിത ശാസ്ത്രം 666നെ വെറും ഒരു അക്കം എന്നതിലുപരി ഒരു പ്രത്യേകതയും കൽപ്പിക്കുന്നില്ല എന്നതാണ് സത്യം. ഇതിന് പുറമെ 13 ഭാഗ്യം കെട്ട നമ്പറാണെന്നും പറയപ്പെടുന്നുണ്ട്. ചിലർ 666 സാത്താന്റെ അക്കമായി കാണുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. 666 എന്ന അക്കത്തിന് പിന്നിലെ പല രഹസ്യങ്ങളെയും ചോദ്യം ചെയ്തും പൊളിച്ചെഴുതിയും നിരവധി വീഡിയോകൾ യൂട്യൂബ് ഉൾപ്പെടെ നിരവധി മാദ്ധ്യമങ്ങളിൽ ലഭ്യമാണ്.