വോട്ട് ചെയ്യാം ഈസിയായി

Saturday 05 December 2020 12:04 AM IST

പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സുഗമമാക്കുന്നതിന് ബൂത്തുകളിൽ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ. പ്രിസൈഡിംഗ് ഓഫീസർ, മൂന്ന് പോളിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്.

ഒരു പോളിംഗ് ബൂത്തിന്റെ മൊത്തം ചുമതലയുള്ള ഇൻചാർജ് ഓഫീസറാണ് പ്രിസൈഡിംഗ് ഓഫീസർ. ബൂത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം, ലോ ആന്റ് ഓർഡർ എന്നിവ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയാണ്.

ഫസ്റ്റ് പോളിംഗ് ഓഫീസർ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. സെക്കൻഡ് ഓഫീസർ അറ്റന്റൻസ് രജിസ്റ്ററിൽ മാർക്ക് ചെയ്ത് സ്ലിപ്പ് നൽകി മഷി പുരട്ടും. തേർഡ് ഓഫീസർ മഷി വെരിഫൈ ചെയ്ത ശേഷം സ്ലിപ്പ് വാങ്ങി ഇ.വി.എം ആക്ടിവേറ്റ് ചെയ്യും.

കൊവി‌ഡ് ജാഗ്രതയിൽ അസി.ഓഫീസർ

കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യണം. പോളിംഗ് ബൂത്തിനകത്തേക്ക് കയറുന്ന വോട്ടറുടെ കൈകൾ ആരോഗ്യപ്രവർത്തകർ സാനിറ്റൈസ് ചെയ്യും. വോട്ട് ചെയ്ത ശേഷം അകത്തുനിന്നും സാനിറ്റൈസ് ചെയ്യേണ്ടതും വോട്ടർമാർ സാനിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും പോളിംഗ് ബൂത്തിലെ അസി.ഓഫീസറാണ്.

വോട്ടെടുപ്പിന് പാലിക്കേണ്ട കാര്യങ്ങൾ

  • വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
  • സമ്മതിദായകർ ഒഴികെ നിയമാനുസൃതമായ പാസില്ലാത്ത ആരും ബൂത്തുകളിൽ പ്രവേശിക്കാൻ പാടില്ല.
  • ബൂത്തുകൾക്ക് സമീപം രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നിർമ്മിക്കുന്ന ക്യാമ്പിന്റെ പരിസരം എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം.
  • ക്യാമ്പുകൾ ആർഭാടരഹിതമാണെന്ന് ഉറപ്പു വരുത്തണം. ആഹാരപദാർത്ഥം വിതരണം ചെയ്യരുത്.
  • രാഷ്ട്രീയ കക്ഷികൾ പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജും ഐഡന്റിറ്റി കാർഡും നൽകണം.
  • വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിൽ ആകണം. അവയിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ പാടില്ല.
  • ത്രിതല പഞ്ചായത്തിൽ പോളിംഗ് സ്റ്റേഷന്റെ 200ഉം നഗരസഭയിൽ 100 മീറ്റർ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേരോ, ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക് ഉപയോഗിക്കരുത്.
  • വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിലും വോട്ടെണ്ണുന്ന ദിവസവും മദ്യം നൽകുകയോ വിതരണം നടത്തുകയോ ചെയ്യരുത്.
  • വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പാലിക്കണം. പെർമിറ്റ് വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.