'ഫസ്റ്റ് റാങ്ക് അടിച്ചേ എന്ന ലാഘവത്തോടെയാണ് പീഡിപ്പിച്ചേ... സ്ഥലവും വിവരങ്ങളും ഉൾപ്പെടെ പറയാവേ എന്ന് ചിലർ പറയുന്നത്, ഈ ഏർപ്പാടങ്ങ് നിർത്തരുതോ?' ചോദ്യവുമായി ഡോക്ടർ

Friday 04 December 2020 9:04 PM IST

ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യങ്ങളിൽ ഒന്നാണ് ലൈംഗിക പീഡനം. ഒരാളുടെ ശരീരത്തിൽ അയാളുടെ അനുവാദമില്ലാതെ കടന്നുകയറുന്നത് യാതൊരു രീതിയിലും ന്യായീകരിക്കാനും പറ്റുന്ന കാര്യമല്ല. ഇത്തരം മോശം അനുഭവങ്ങൾ അത് നേരിട്ടയാൾക്ക് ഉണ്ടാക്കുന്ന മാനസിക, ശാരീരിക ആഘാതങ്ങൾ ഒട്ടും ചെറുതുമല്ല. ശരീരത്തിലുണ്ടായ മുറിവുകൾ ഉണങ്ങിയാലും മനസിലെ മുറിവുകൾ ഇരകളുടെ മനസിൽ വർഷങ്ങളോളം മായാതെ നിൽക്കുമെന്നതും വാസ്തവമാണ്.

അതേസമയം താൻ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സധൈര്യം മുന്നോട്ട് വരുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ് എന്നത് ആശ്വാസം നൽകുന്ന കാര്യവുമാണ്. എന്നാൽ 'പീഡനം നേരിട്ട ഇര'യെന്ന മേലങ്കി അണിഞ്ഞുകൊണ്ട് വ്യക്തി വിരോധം തീർക്കാനും സ്വാർത്ഥ ലക്ഷ്യങ്ങൾ നേടാനും ഇറങ്ങി പുറപ്പെടുന്ന വളരെ ചുരുക്കം ചിലരും നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരക്കാരെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി വിശദീകരിക്കുകയാണ് ഡോക്ടർ അനുജാ ജോസഫ്

കുറിപ്പ് ചുവടെ:

'ഫസ്റ്റ് റാങ്ക് അടിച്ചേ എന്ന ലാഘവത്തോടെയാണ് പലരും വർഷങ്ങൾക്കിപ്പുറം പീഡിപ്പിച്ചേ, സ്ഥലവും വിവരങ്ങളും ഉൾപ്പെടെ പറയാവേ എന്ന് പറയുന്നത്. ഇത്തരത്തിൽ വാർത്തകളിൽ നിറയുന്ന പീഡന വിധേയരോട് ഒരു ശരാശരി മലയാളിക്ക് പറയാൻ ചിലതുണ്ട് (വിധിയുടെ ക്രൂരതയിൽ മുറിവേൽക്കപ്പെട്ടവരേ... ഇതു നിങ്ങളെ ഉദ്ദേശിച്ചല്ല).

ആദ്യമൊന്നും പീഡനമാണ് നടക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല പോലും, പാവം, പിന്നീടെപ്പോഴോ ഒരു സുപ്രഭാതത്തിൽ മനസിലാക്കി കളഞ്ഞു. തെറ്റു പറയാനാവില്ല. കാര്യങ്ങൾ ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു കാണണം! അതെങ്ങനെ ശരിയാകും. സ്ഥലവും മറ്റുമൊക്കെ കൃത്യമായിട്ട് അറിയാല്ലോ. ശേ വെറുതെ, ഒന്നും അറിയത്തില്ലെന്നേ.

അടുത്തിടെ കാണാനിടയായ ഒരു അഭിപ്രായം കൂടെ ചേർക്കുന്നു.

"ചാൻസ് തരാമെന്ന് പറഞ്ഞു പീഡിപ്പിച്ചു, ഒരു വർഷമായി ഭീക്ഷണിപെടുത്തി പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞ് മാധ്യമ ശ്രദ്ധ പിടിക്കാനും വ്യക്തി വൈരാഗ്യം തീർക്കാനും പീഡനം ഒരു ആയുധം ആക്കി എടുത്തപ്പൊ ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. പണ്ടൊക്കെ പീഡനം എന്ന് പറഞ്ഞാൽ എല്ലാരും ഒറ്റ കെട്ടായി പെണ്ണിന്റെ കൂടെ മാത്രം നിൽക്കും. പക്ഷെ ഇപ്പൊ ഫേക്ക് റേപ്പ് കേസുകൾ കാരണം ജീവിതം തകരുന്നവരാണ് ബഹുഭൂരിപക്ഷവും. അതുകൊണ്ടാണ് ആളുകൾ തുടർച്ച ആയി പീഡിപ്പിച്ചെന്നൊക്കെ പറയുന്ന പരാതികൾ സംശയത്തോടെ കാണുന്നത്."

നിലവിലെ സാഹചര്യത്തിൽ, മേൽപ്പറഞ്ഞ അഭിപ്രായം ശരി വയ്ക്കുന്നവരാണ് ഏറെപേരും. മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖർ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങൾ കഴിയുമ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തുറന്നു പറച്ചിൽ സീൻ ചെയ്യുന്നവരേ... നിങ്ങളോട് പുച്ഛം മാത്രം. നിങ്ങളുടെ ആവശ്യങ്ങൾ കഴിയുമ്പോൾ പീഡനവും മറ്റുമായി വാർത്തകളിൽ ഇടം നേടാനുള്ള ഈ പരിപാടി അങ്ങു നിർത്തരുതോ? പ്രതികരിക്കേണ്ടിടത്തു നിശബ്ദരായിട്ട് കാലം കഴിയുമ്പോൾ മാത്രം സുബോധം വരുന്ന ഈ ഏർപ്പാടങ്ങു നിർത്തരുതോ? നീതി അർഹിക്കുന്നവരോടൊപ്പം സമൂഹം എന്നുമുണ്ടാകും.

നിങ്ങളുടെ പ്രഹസനങ്ങൾ കണ്ടു മടുത്തു, ഇവിടെ നീതി നിഷേധിക്കപ്പെടുന്ന ഒരുപാടു കുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, കുടുംബങ്ങളിൽ നിന്നു പോലും ക്രൂരതയേറ്റു വാങ്ങേണ്ടി വന്ന പാവങ്ങൾ, പീഡന വാർത്തകൾ നിരന്തരം കേൾക്കുന്നോണ്ട് ഇന്നെല്ലാവർക്കും അതൊരു വിഷയമല്ല, രാവിലെ തൊട്ടു രാത്രി വരെ പീഡനവും തുറന്നു പറച്ചിലുമാണ്. ഇതിനിടയിൽ സമൂഹത്തിന്റെ ഇടപെടൽ വേണ്ടതായ പലതിനോടും ആൾക്കാർക്ക് പതിവ് നിസ്സംഗതാ മനോഭാവവും.

മുൻപൊക്കെ പീഡിപ്പിച്ചു എന്നു കേൾക്കുന്നതു പോലും വേദനയോടെ ആയിരുന്നെങ്കിൽ ഇന്നതല്ല സ്ഥിതി. എന്തോ പ്രസ്റ്റീജ് മാറ്റർ പോലാണ് പല തുറന്നുപറച്ചിലുകളും.ഇതിനൊരു അവസാനമില്ലേ എന്നു തോന്നിപ്പിക്കുന്ന വിധം. പീഡന വിധേയയായ ആളോട് അവർക്ക് വേദനയോ അഭിമാന ക്ഷതമോ ഒന്നുമുണ്ടാകാതെ വേണം മൊഴി രേഖപ്പെടുത്താൻ എന്ന നിബന്ധന പോലും തങ്ങൾക്ക് വേണ്ടെന്ന നിലപാടിൽ.

ചോദിച്ചില്ലേലും ശരി വള്ളി പുള്ളി വിടാതെ പീഡന കഥകൾ പറയാനായി റെഡി ആയി ഒരു കൂട്ടരും. കൃത്യം നടന്നു കഴിഞ്ഞപ്പോൾ പരാതിപ്പെടാനോ ഒന്നും മെനക്കടാണ്ട് വർഷങ്ങൾ കഴിയുമ്പോൾ പീഡനമെന്നും പറഞ്ഞു മാദ്ധ്യമ ശ്രദ്ധ ലഭിക്കാൻ ഇത്തരത്തിൽ ഇറങ്ങി തിരിക്കുന്നവരെ ശിക്ഷിക്കാൻ നിയമം വല്ലോമുണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരെ പ്രതിനിധികരിച്ചാണ് ഇത് പറയുന്നത്.'