ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തിങ്കളാഴ്ച ഹർജി പരിഗണിച്ചേക്കും. വിജിലൻസ് കേസിൽ അഞ്ചാം പ്രതിയാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കാൻസർ രോഗത്തിനു ചികിത്സയിലിരിക്കെ നവംബർ 18നാണ് അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയുടെ അനുമതിയോടെ വിജിലൻസ് ആശുപത്രിയിലെത്തി ചോദ്യം ചെയ്തിരുന്നു.
ലീഗ് നേതാവായ തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേർത്തതെന്നും കഴിഞ്ഞ മാർച്ചിൽ കുറ്റപത്രം നൽകിയ കേസിൽ ഒമ്പതു മാസങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു.
പാലാരിവട്ടം ഫ്ളൈ ഒാവർ നിർമ്മിച്ച ആർ.ഡി.എസ് കമ്പനിക്ക് വ്യവസ്ഥകൾ ഇല്ലാതിരുന്നിട്ടും മൊബിലൈസേഷൻ അഡ്വാൻസായി വൻ തുക നൽകാൻ നിർദ്ദേശിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റം. പാലം നിർമ്മിച്ച ആർ.ഡി.എസ് കമ്പനിയുടെ എം.ഡി സുമിത് ഗോയൽ ഉൾപ്പെടെയുള്ള പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.