ഇലക്ഷൻ കിറ്റ് റെഡി​, മെഷീനുകളിൽ പതി​ഞ്ഞ് പേരും ചി​ഹ്നവും

Saturday 05 December 2020 12:15 AM IST
പത്തനംതിട്ട നഗരസഭയിലെ വാർഡുകളിലെ ഇവിഎം മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് കാതോലിക്കറ്റ് കോളജിൽ സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ നടന്നപ്പോൾ.

പത്തനംതിട്ട : ജില്ലയിൽ തദ്ദേശ പൊതുതി​രഞ്ഞെടുപ്പ് ഈ മാസം എട്ടിന് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ചുമതലകൾ കൃതമായി നിർവഹിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് നിർദേശിച്ചു.

തി​രഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗ് സ്റ്റേഷനിലേക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ഉൾപ്പടെ 81 ഇനം സാമഗ്രികൾ അടങ്ങിയ ഇലക്ഷൻ കിറ്റ് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇതിനോടകം എത്തിച്ചു കഴിഞ്ഞു.

തി​രഞ്ഞെടുപ്പു ദിവസത്തെ വോട്ടിംഗ് പ്രക്രിയ തടസങ്ങൾ കൂടാതെ നടത്താൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് സംവിധാനത്തിന്റെ ജില്ലയിലെ നോഡൽ ഓഫീസറായി അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനിയെ ചുമതലപ്പെടുത്തി. പോസ്റ്റൽ ബാലറ്റ് സംവിധാനത്തിന്റെ മേൽനോട്ടം നിർവഹിക്കാൻ എൽ.ആർ ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മിയെയും ചുമതലപ്പെടുത്തി.

എ.ഡി.എം അലക്‌സ് പി. തോമസ്, അസിസ്റ്റന്റ് കളക്ടർ വി.ചെൽസാസിനി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വി. ഹരികുമാർ, എൽ എ ഡെപ്യൂട്ടി കളക്ടർ എസ്. ജയശ്രീ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ, കോഴഞ്ചേരി എൽ.ആർ തഹസിൽദാർ വി.എസ് വിജയകുമാർ, സ്യൂട്ട് വിഭാഗം സീനിയർ സൂപ്രണ്ട് അന്നമ്മ കെ. ജോളി, ആർ.ടി.ഒ ജിജി ജോർജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പരാതി​കൾക്ക് പരി​ഹാരം

വോട്ടർ പട്ടികയിൽ നിന്ന് പേരൊഴിവാക്കുക, പേര് ചേർക്കുക തുടങ്ങിയവ സംബന്ധിച്ച് 13 പരാതികളാണു ലഭിച്ചത്. അതിൽ നാലു പരാതികൾ പരിഹരിക്കുകയും ഒൻപത് പരാതികൾ നിരസിക്കുകയും ചെയ്തു.

പെരുമാറ്റചട്ടം ലംഘിച്ചത് സംബന്ധിച്ച് ഇതുവരെ ഒൻപത് അപേക്ഷകളാണ് ലഭിച്ചത്.

ട്രബിൾ ഷൂട്ടിംഗ് ടീമുകൾ

ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകൾക്ക് തകരാറുകൾ സംഭവിച്ചാൽ തടസം കൂടാതെ ഉടനടി പരിഹരിക്കാൻ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തും. എല്ലാ ബ്ലോക്കുകളിലും, മുനിസിപ്പാലിറ്റികളിലും ട്രബിൾ ഷൂട്ടിംഗ് ടീമുകളെ നിയോഗിക്കുകയും എല്ലാ ബ്ലോക്ക് ഓഫീസുകളിലും കൺട്രോൾ യൂണിറ്റുകൾ പ്രവർത്തിക്കുകയും ചെയ്യും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പ്രിസൈഡിംഗ് ഓഫീസർമാരെയും സെക്ടറൽ ഓഫീസർമാരെയും ഉൾക്കൊള്ളിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും അവ മോണിറ്റർ ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്യും.

ഇ.വി.എം മെഷീനുകളിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തി പത്തനംതിട്ട : ജില്ലയിൽ ഇ.വി.എം മെഷീനുകളിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തി. തി​രഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇ.വി.എം മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ ക്രമനമ്പർ, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീൽ ചെയ്യുന്നതിനെയാണ് കാൻഡിഡേറ്റ് സെറ്റിംഗ് എന്ന് പറയുന്നത്. തിരുവല്ല നഗരസഭയിൽ 40 മെഷീനുകളും അടൂർ നഗരസഭയിൽ 28 മെഷീനുകളും പത്തനംതിട്ട നഗരസഭയിൽ 32 മെഷീനുകളുമാണ് ഇത്തരത്തിൽ സെറ്റ് ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളായ റാന്നിയിൽ 209, കോന്നിയിൽ 181, പുളിക്കീഴ് 111, പന്തളം 111, പറക്കോട് 256, ഇലന്തൂർ 142, മല്ലപ്പള്ളിയിൽ 163 ഇവിഎം മെഷീനുകളാണ് സെറ്റ് ചെയ്തിട്ടുള്ളത്. പൂർത്തീയാകാത്ത നഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കാൻഡിഡേറ്റ് സെറ്റിംഗ് ഇന്ന് പൂർത്തിയാക്കും. അതത് വരണാധികാരികളുടെ സാന്നിദ്ധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുക. റിസർവ് മെഷീനുകളും സെക്ടറൽ ഓഫീസർമാർക്കുള്ള മെഷീനുകളും പരിശോധിച്ചു. പരിശോധയ്ക്ക് ശേഷം മെഷീനുകൾ സ്‌റ്റോർ റൂമിൽ സൂക്ഷിക്കും.