പ്രവാസി ചിട്ടി കിഫ്ബിയിലിടുന്നത് നിയമ പ്രകാരമെന്ന് കി​ഫ്ബി​

Saturday 05 December 2020 12:00 AM IST

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയിൽ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് കിഫ്ബിയിൽ നിക്ഷേപിക്കുന്നത് നിയമപ്രകാരമാണെന്ന് കിഫ്ബി അധികൃതർ. 2015ലെ ഫെമ നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം ഇന്ത്യയിലെ ചിട്ടി ഫണ്ടുകളിലേക്ക് വിദേശത്തുനിന്നു ഒരു ബാങ്കിംഗ് ചാനൽ മുഖേന പണം നിക്ഷേപിക്കുന്നതിന് പ്രവാസികളായ ഇന്ത്യാക്കാർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രവാസി ചിട്ടിയുടെ ഫ്‌ളോട്ട് ഫണ്ട് കിഫ്ബിയിലേക്ക് നിക്ഷേപിക്കുന്നതിന് സംസ്ഥാന സർക്കാരും കെ.എസ്.എഫ്.ഇയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. കിഫ്ബിയുമായി ചേർന്ന് പ്രവാസി ചിട്ടി നടത്തുന്നതിന് കെ.എസ്.എഫ്.ഇയ്ക്കും അനുമതിയുണ്ട്. പ്രവാസി ചിട്ടി കേന്ദ്ര ചിട്ടി നിയമത്തിനനുസൃതമായി എല്ലാ ചട്ടങ്ങളും പാലിച്ചാണ് നടക്കുന്നത്.
കിഫ്ബിയുടെ സെക്യൂരിറ്റിക്ക് മുതലിനും പലിശയ്ക്കും കേരള സർക്കാർ ഗ്യാരണ്ടി നൽകുന്നുണ്ട്. ട്രസ്റ്റി സെക്യൂരിറ്റികളിൽ കിഫ്ബി ബോണ്ടും പെടും. കിഫ്ബിയിൽ കെ.എസ്.എഫ്.ഇ നിക്ഷേപിക്കുന്ന തുകയ്ക്ക് കിഫ്ബി നൽകുന്ന സെക്യൂരിറ്റി പ്രൈവറ്റ് പ്ളേസ്‌മെന്റ് വിഭാഗത്തിലാണ് വരുന്നത്. പബ്ലിക് പ്ലേസ്‌മെന്റുകൾക്കാണ് സെബിയുടെ അനുവാദം വേണ്ടത്.
തുക ആവശ്യമായ സമയത്ത് ചിറ്റാളന് അത് സുഗമമായി നൽകുന്നതിന് ആവശ്യമായ മുൻകരുതലുകളും പ്രവാസി ചിട്ടിയിൽ കെ.എസ്.എഫ്.ഇ. കൈക്കൊണ്ടിട്ടുണ്ട്. ചിട്ടിപ്പണം അപ്പാടെ കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കുകയല്ല. ദൈനംദിന ആവശ്യങ്ങൾ ആയ പ്രൈസ് മണി പേയ്‌മെന്റ്, ഡെപ്പോസിറ്റ്, ക്ലോസിംഗ് എന്നിവ കഴിച്ചുള്ള ഫ്‌ളോട്ട് ഫണ്ട് മാത്രമാണ് നിക്ഷേപിക്കുന്നത്. വിദേശത്ത് താമസിക്കുന്ന 72956 പ്രവാസി മലയാളികളും ഇന്ത്യയിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന 6238 പ്രവാസി മലയാളികളും അടക്കം 79194 പേർ ചിട്ടി രജിസ്‌ട്രേഷൻ എടുത്തിട്ടുണ്ട്.
28,160 വരിക്കാർ ഉള്ള 890 ചിട്ടികൾ വഴി പ്രതിമാസം 43.12 കോടി രൂപയിലധികം പ്രവാസി ചിട്ടിക്ക് പ്രതിമാസ വിറ്റുവരവ് ഉണ്ടെന്നും കിഫ്ബി അറിയിച്ചു.