ആർ.എസ്.എസ് ആചാര്യൻ ഗോൾവാൾക്കറുടെ പേരിൽ രാജ്യത്തെ ആദ്യത്തെ സർക്കാർ  ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത്  

Friday 04 December 2020 10:31 PM IST

തിരുവനന്തപുരം: ആർ..എസ്.എസ് ആചാര്യൻ ഗുരു ഗോൾവാൾക്കറുടെ പേരിൽ രാജ്യത്തെ ആദ്യത്തെ സർക്കാർ ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് വരുന്നു.. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം കാമ്പസാണ് ആര്‍എസ്‌എസ് രണ്ടാം സര്‍സംഘ്ചാലക് മാധവസദാശിവ ​ഗോള്‍വാള്‍ക്കറുടെ പേരിൽ ഇനി അറിയിപ്പെടുക.. ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന പേരെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്‌എഫ്) ഭാഗമായി ആര്‍ജിസിബിയില്‍ നടന്ന സമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

കാന്‍സര്‍ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്‌റ്റെം സെല്‍ മാറ്റിവയ്ക്കല്‍, ജീന്‍ ചികിത്സ എന്നിവയാണ് പുതിയ കേന്ദ്രത്തില്‍ ഒരുങ്ങുന്നത്. ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേറ്റര്‍ സംവിധാവും ഇവിടെ ഒരുക്കും. ബയോടെക്‌നോളജി രംഗത്തെ വികസനമാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനകള്‍ ആര്‍ജിസിബി മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം പരിശോധനകളാണ് ഇവിടെ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.