ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് : യുവതികൾക്ക് പ്രവേശനമില്ലെന്ന നിബന്ധന വിവാദമായി

Saturday 05 December 2020 12:00 AM IST

ശബരിമല : പുതിയ വെർച്വൽ ക്യൂ ബുക്കിംഗിൽ , 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അനുമതിയില്ലെന്ന നിബന്ധന വിവാദമായി. സംസ്ഥാന സർക്കാരോ , തിരുവിതാംകൂർ ദേവസ്വം ബോർഡോ ഇതിൽ അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പൊലീസ് ഏകപക്ഷീയമായി ഏർപ്പെടുത്തിയ നിയന്ത്രണമാകാം ഇതെന്നാണ് നിഗമനം.

പത്തിനും അൻപതിനും ഇടയിലുള്ള സ്ത്രീകൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് പുതിയ നിബന്ധന. യുവതികളായ സ്ത്രീകൾ ദർശനം നടത്താൻ അനുമതി തേടുകയോ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. തീർത്ഥാടനം തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു ആദ്യ വെർച്വൽ ക്യൂ ബുക്കിംഗ്. അന്നത്തെ നിബന്ധനയിൽ ഇൗ വിഷയം പരാമർശിച്ചിരുന്നില്ല. ഇപ്പോൾ അനാവശ്യമായി വിഷയം വലിച്ചിഴച്ചതിൽ ദേവസ്വം ബോർഡിന് ആശങ്കയുണ്ട്.

തിരുപ്പതി, ഗുരുവായൂർ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലെ ദർശനത്തിനുള്ള ഒാൺലൈൻ ബുക്കിംഗ് നിയന്ത്രിക്കുന്നത് അതാത് ദേവസ്വമാണ്. ശബരിമലയിൽ മാത്രം നിയന്ത്രണം പൊലീസ് ഏറ്റെടുത്തതോടെ , ദേവസ്വം ബോർഡ് നോക്കുകുത്തിയായി. ഇതിൽ ഹൈന്ദവ സംഘടനകൾക്ക് പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം ആയിരംപേർക്ക് വീതം ബുക്കിംഗിലൂടെ അധിക ദർശനം അനുവദിച്ചെങ്കിലും സെർവർ തകരാർ കാരണം ഭൂരിപക്ഷത്തിനും ദർശനാനുമതി ലഭിച്ചില്ല.

വെർച്വൽക്യൂ സംവിധാനത്തിന്റെ നിയന്ത്രണം പൂർണമായും പൊലീസിനാണ്. ഇതുമായി ബന്ധപ്പെട്ട് ബോർഡിനോട് അഭിപ്രായം ആരാഞ്ഞിട്ടില്ല.

-എൻ. വാസു. പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്