കഥാപാത്രങ്ങളെ തനിച്ചാക്കി, കഥാകാരൻ മയ്യഴിതീരം വിടുന്നു

Saturday 05 December 2020 12:35 AM IST

മാഹി: കണ്ട് വളർന്ന, കളിച്ചുല്ലസിച്ചു നടന്ന, സ്വപ്നങ്ങൾക്ക് നിറം പകർന്ന മയ്യഴിപ്പുഴയുടെ തീരത്തുള്ള വീട്ടിൽ നിന്നും ഈ മാസം പത്തിന് മയ്യഴിയുടെ കഥാകാര എം.മുകുന്ദൻ പള്ളൂരിലേക്ക് താമസം മാറ്റുന്നു. പഴയ വീടിനുള്ള 'മണിയമ്പത്ത്' എന്ന പേര് തന്നെയാണ് പുതിയ വീടിനും നൽകിയിട്ടുള്ളത്. മയ്യഴിയിൽ മുകുന്ദൻ ജനിച്ചു വളർന്ന തറവാട് വീടിനോട് ചേർന്ന് കാൽ നൂറ്റാണ്ട് മുമ്പ് പണിത വീട്ടിൽ നിന്നാണ് ഇപ്പോൾ പുഴക്കക്കരെ നാല് കിലോമീറ്റർ അകലെയുള്ള പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നത്.

മയ്യഴിയിലെ വീട് വിട്ടൊഴിയാൻ മുകുന്ദനെ പ്രേരിപ്പിച്ചത് തുടർച്ചയായുണ്ടായ വാഹന അപകടങ്ങളാണ്.സെമിത്തേരി റോഡിനും ഭാരതിയാർ റോഡിനും ഇടയിലെ വളവിലാണ് മുകന്ദന്റെ വീട്. മാഹി പള്ളി പെരുന്നാൾ തുടങ്ങിയാൽ മൂന്നാഴ്ചക്കാലം ഇതു വഴിയാണ് എല്ലാ വാഹനങ്ങളും കടന്നു പോകുന്നത്. എട്ട് തവണ വീടിന്റെ മതിലിൽ വലിയ വാഹനങ്ങളിടിച്ചു. ഒരു തവണ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറ് തകർന്നു.മറ്റൊരിക്കൽ തനിക്ക് തന്നെ പരിക്കേൽക്കുകയും ചെയ്തു. ദില്ലിയിലും ഫ്രാൻസിലും അമേരിക്കയിലുമൊക്കെയായിരുന്നപ്പോൾ അടച്ചിട്ട വീട്ടിൽ മോഷണവും പതിവായി.

'മുകുന്ദന്റെ വീട്ടിൽ കയറിയ കള്ളൻ ഞാനായിരുന്നു' എന്ന ഒരു കഥാസമാഹാരം പുറത്തിറങ്ങി.