തുടർനടപടി അവസാനിപ്പിച്ചു ജയിലിൽ ഐസിസ് പ്രചാരണം : കനകമല പ്രതിക്കെതിരെ കേസില്ല

Friday 04 December 2020 11:38 PM IST

കൊച്ചി : കനകമല രഹസ്യയോഗക്കേസിൽ അറസ്റ്റിലായ മുഹമ്മദ് പോളക്കാനി എറണാകുളം സബ് ജയിലിലെ സഹതടവുകാർക്കിടയിൽ ഭീകരസംഘടനയായ ഐസിസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടിലെ തുടർ നടപടികൾ എറണാകുളം എൻ.ഐ.എ കോടതി അവസാനിപ്പിച്ചു.കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന പ്രതികൾ കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാലയങ്ങൾ തകർക്കാനും ഹൈക്കോടതി ജഡ്‌ജിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാനും പദ്ധതിയിട്ടെന്ന കേസിൽ വിദേശത്തു നിന്നാണ് മുഹമ്മദ് പോളക്കാനിയെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തത്.

പോളക്കാനി ഐസിസ് ആശയങ്ങൾ തങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നെന്ന് സഹതടവുകാരായ അജീഷ്, റോഷൻ, ഷഫീഖ് എന്നിവർ ജയിൽ അധികൃതർക്ക് മൊഴി നൽകിയിരുന്നു. ജയിൽ സൂപ്രണ്ടിന്റെ ഇൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് പോളക്കാനിക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കാൻ എൻ. ഐ. എ,​ കോടതിയുടെ അനുമതി തേടി. സഹതടവുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാവില്ലെന്നും പരാതിയോ പൊലീസ് റിപ്പോർട്ടോ ഉണ്ടെങ്കിലേ കേസ് എടുക്കാനാകൂ എന്നും വ്യക്തമാക്കിയാണ് തുടർ നടപടികൾ അവസാനിപ്പിച്ചത്.