ടിപ്പറിന്റെ ജാക്കി വീണ് ഡ്രൈവർ ഞെരിഞ്ഞമർന്ന് മരിച്ചു

Friday 04 December 2020 11:47 PM IST

കോലഞ്ചേരി: ടിപ്പർ ലോറിയുടെ ഹൈഡ്രോളിക് ജാക്കി അപ്രതീക്ഷിതമായി താഴ്ന്ന് കീഴിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഡ്രൈവർ ഞെരിഞ്ഞമർന്ന് തൽക്ഷണം മരിച്ചു. കടയിരുപ്പ് വലമ്പൂർ, ചീനിക്കുഴി വീട്ടിൽ സി.ജി അനിൽകുമാറാണ് (44) മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വലമ്പൂരിലെ സോളിഡ് ബ്രിക് യൂണിറ്റിലെ കോമ്പൗണ്ടിലാണ് അപകടം. ടിപ്പറിന്റെ പ്ളാറ്റ്ഫോം ഉയർത്തി നിർത്തിയിരിക്കുകയായിരുന്നു. വാഹനം മാറ്റിയിടാനായി അനിൽ എത്തിയപ്പോൾ സ്റ്റാർട്ടായില്ല. പ്ളാറ്റ്ഫോം താഴ്ത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഷാസിയിൽ കയറി നിന്ന് താഴ്ത്താൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പ്ളാറ്റ്ഫോം താഴ്ന്ന് ഷാസിക്കിടയിൽ ഞെരിഞ്ഞമർന്നാണ് ദാരുണാന്ത്യം. മൂന്ന് ജീവനക്കാരുടെ കൺമുന്നിലാണ് അപകടം നടന്നതെങ്കിലും ഇവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് ഞെരിഞ്ഞമർന്നിരുന്നു. ഏറെനേരം പണിപ്പെട്ട് മറ്റൊരു ഹാൻഡ് ജാക്കി കൊണ്ട് പ്ളാറ്റ്ഫോം ഉയർത്തിയാണ് പുറത്തെടുത്തത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിൽ നാലു മാസമായി ജോലിയിൽനിന്ന് മാറി നിൽക്കുകയായിരുന്നു. തിങ്കൾ മുതൽ ജോലിയിൽ പ്രവേശിക്കും മുമ്പ് വാഹനം സ്റ്റാർട്ട് ചെയ്ത് മാറ്റിയിടാനാണ് എത്തിയത്.

ടിപ്പറിന്റെ പ്ളാറ്റ്ഫോം ഉയർത്തുന്നതിന് മാത്രം വാഹനം സ്റ്റാർട്ടാക്കിയാൽ മതി, താഴ്ത്താൻ ജാക്കിയിൽ നില്ക്കുന്ന ഹൈഡ്രോളിക് ഓയിലിന്റെ പ്രഷർ കളഞ്ഞാൽ മതി. ഇതിന് ശ്രമിച്ചപ്പോഴാകാം അപകടമെന്നാണ് കരുതുന്നത്.

കേസെടുത്തതായി പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ സാജൻ സേവ്യർ പറഞ്ഞു.

ബിന്ദുവാണ് ഭാര്യ. മക്കൾ: അനുരാഗ് (വിദ്യാർത്ഥി ഐ.ടി.ഐ പിറവം), അനൂപ് (വിദ്യാർത്ഥി എം.ഇ.എസ് മാറമ്പിള്ളി), ആര്യൻ (പ്ളസ് ടു വിദ്യാർത്ഥി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി കോലഞ്ചേരി ). സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പെരുമ്പാവൂർ മലമുറി പൊതു ശ്മശാനത്തിൽ