സ്ഥാനാർത്ഥികൾ മുന്നൊരുക്കം തുടങ്ങി, ലാസ്റ്റ് ലാപ്പ് കുതിപ്പിനായി
കോഴിക്കോട് : ഏറെ വൈവിദ്ധ്യമാർന്ന പ്രചാരണ ശൈലികളുമായി അങ്കത്തട്ട് കൊഴുക്കുമ്പോൾ അവസാനഘട്ട കുതിപ്പിനായുള്ള മുന്നൊരുക്കത്തിലാണ് സ്ഥാനാർത്ഥികൾ. വോട്ടെടുപ്പിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ ഇനിയുള്ള പ്രചാരണത്തിന് പരമാവധി ഊന്നൽ നൽകാനാണ് മൂന്നു മുന്നണികളുടെയും നീക്കം.
പരമ്പരാഗത തന്ത്രങ്ങളും പുത്തൻ ചിന്തകളുമെല്ലാം എടുത്തു പയറ്റുമ്പോഴും സ്ഥാനാർത്ഥികൾക്ക് മാത്രമല്ല, രാഷ്ട്രീയ കക്ഷികൾക്കുമുണ്ട് ആശങ്ക. പല സ്ഥാനാർത്ഥികളും മൂന്നു വട്ടം വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചു കഴിഞ്ഞു. വോട്ട് പെട്ടിയിലാക്കാനുള്ള എല്ലാ ശ്രമങ്ങളും പല തലത്തിൽ നടക്കുന്നുമുണ്ട്. ഇനിയുള്ള പ്രചാരണത്തിലൂടെ വോട്ടർമാരുടെ മനസ്സിൽ സ്ഥാനം ഉറപ്പിക്കാനുള്ള ആലോചനകൾ മുറുകുകയാണ് മൂന്നു മുന്നണികളുകളുടെയും വാർ റൂമുകളിൽ. പ്രചാരണത്തിലെ മികവ് നിലനിറുത്തിയില്ലെങ്കിൽ പിറകോട്ടടിക്കുമെന്ന് സ്ഥാനാർത്ഥികൾക്കൊക്കെയും നല്ല ബോദ്ധ്യമുണ്ട്.
ഡിജിറ്റൽ പ്രചാരണ രീതികൾ ഇത്തവണ ഏറ്റവും കൂടുതലായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പോലെ ഏറ്റവും ജനകീയമായ ജനാധിപത്യ മഹോത്സവത്തിൽ ഇതിന് എത്രത്തോളം സ്വാധീനിക്കാൻ കഴിഞ്ഞുവെന്ന് കാത്തിരുന്ന് തന്നെ കാണണമെന്ന അഭിപ്രായമാണ് മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായം.
പരമ്പരാഗത രീതികളായ പൊതുയോഗം, മൈക്ക് അനൗൺസ്‌മെന്റ്, വാഹന പ്രചാരണം എന്നിവയെല്ലാം ഇക്കുറി പിന്നിലായി. നേരിട്ട് വോട്ടർമാരെ കാണുന്നതിനു പുറമെ നവമാദ്ധ്യമങ്ങളിലൂടെ നിത്യേന ബന്ധപ്പെടുന്ന രീതിയുമായി മുന്നേറുകയാണ് മുന്നണികൾ.
പൊതുയോഗങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ കുടുംബയോഗങ്ങളും ചെറുയോഗങ്ങളുമായപ്പോൾ പ്രചാരണ രംഗത്ത് പലരും ബിരിയാണി കൂടി ആയുധമാക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിൽ ഇപ്പോൾ ബിരിയാണിയാണ് താരം. വൈകിട്ട് നടക്കുന്ന യോഗങ്ങളിലെ പ്രധാന ആകർഷണം ബിരിയാണിയാണെന്ന് നാട്ടുകാർ പറയുന്നു.
ലൈറ്റ് ആൻഡ് സൗണ്ട്സ്, പന്തൽ വാടകക്കാർക്ക് വലിയ തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. കൊവിഡിനെ തുടർന്ന് വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ ചുരുങ്ങിയപ്പോൾ ഇവരുടെ പ്രതീക്ഷയായിരുന്നു തിരഞ്ഞെടുപ്പ് കാലം. എന്നാൽ പ്രതീക്ഷ അസ്ഥാനത്തായി. ഇനി പ്രചാരണത്തിന്റെ അവസാന റൗണ്ടിൽ എന്തെങ്കിലും ഒത്തുകിട്ടിയിലായെന്ന കാത്തിരിപ്പിലാണ് ഇവരൊക്കെയും.