തലയണമന്ത്രത്തിന്റെ കഥ 'പെണ്ണുങ്ങളുടെ കുശുമ്പും കുന്നായ്മയും'
സാമൂഹ്യ മാദ്ധ്യമങ്ങൾ സജീവമായതോടെയാണ് സന്ദേശം 29 വർഷമായെന്നും തലയണമന്ത്രം 30 വർഷമായെന്നുമൊക്കെ പറഞ്ഞു ഒരുപാടുപേർ പോസ്റ്ററുകളും സന്ദേശങ്ങളും അയക്കുന്നത്. അപ്പോഴാണ് ഞാൻ അതിനെ കുറിച്ചെല്ലാം ചിന്തിക്കുന്നത്.തലയണമന്ത്രം റിലീസായിട്ട് മൂപ്പത് വർഷമായി.
തലയണമന്ത്രത്തിന്റ പ്രചോദനം
തലയണമന്ത്രത്തിന്റ കഥ ആലോചിക്കാനുള്ള പ്രചോദനം മുദ്ര ആർട്‌സിലെ മുദ്ര ശശി (പൊന്മുട്ടയിടുന്ന താറാവിന്റെ നിർമാതാവ് )എന്ന നിർമാതാവായിരുന്നു. അന്നത്തെ ഓണക്കാലത്തേക്ക് ശശിയുമൊത്ത് ഒരു സിനിമ ചെയ്യാമെന്ന് പ്ലാൻ ചെയ്തിരുന്നു.അവർ അതിന് വേണ്ടി തിയേറ്ററുകളെല്ലാം ചാർട്ട് ചെയ്തു. മോഹൻലാലിനെ വച്ചൊരു പ്രോജക്ടായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പക്ഷേ ആ സമയത്ത് ലാലിന് വരാൻ സാധിക്കാതെ വന്നു.ലാൽ ആ സമയത്ത് ഇന്ദ്രജാലം എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു.ഓണത്തിന് പടം കൊടുക്കാമെന്ന് ശശിയോട് കമ്മിറ്റ് ചെയ്തതിനാൽ ഞാൻ ശ്രീനിവാസനുമായി കൂടിയാലോചിച്ചു. മോഹൻലാലിനെ വച്ചു ചെയ്യാൻ നിശ്ചയിച്ച പടം മറ്റൊരാളെ വച്ചു ചെയ്യാൻ സാധിക്കില്ല.ലാലിന് പകരം വേറൊരാളില്ല. ലാൽ ഇല്ലാത്ത ഒരു കഥ കിട്ടുകയാണേൽ ചെയ്യാമെന്ന് തീരുമാനിച്ചു. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ(ഗുരുവായൂരാണ് മുദ്ര ശശിയുടെ വീട് ) കഥയ്ക്ക് വേണ്ടി രണ്ടു മൂന്ന് ദിവസങ്ങൾ ആലോചിച്ചു ഞാനും ശ്രീനിയും ഇരുന്നു .ഞങ്ങൾ കഥ ആലോചിക്കുമ്പോൾ പലരീതിയിലാണ് അത് രൂപപ്പെടുന്നത്. ചിലപ്പോൾ കഥയായി രൂപപ്പെടും.മറ്റു ചിലത് ചിലവിഷയങ്ങളിൽ നിന്ന് കഥയായി പരിണമിക്കും. തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരുടെ കഥയെ കുറിച്ചോർത്തപ്പോഴാണ് ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമ സംഭവിച്ചത്.അന്നത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഒരു വിഷയമാക്കിയായിരുന്നു അത്. അങ്ങനെയാണ് ഗാന്ധി നഗറിലെ ഗൂർക്കയിലെക്കൊക്കെ പോവുന്നത്.തൊഴിൽ ഇല്ലാത്ത രണ്ടു ചെറുപ്പകാരുടെ കഥ പറഞ്ഞതായിരുന്നു നാടോടിക്കാറ്റ്.അന്നത്തെ കാലത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു സിനിമ ചെയ്യണം എന്നു ചിന്തിച്ചപ്പോഴാണ് സന്ദേശം ഉണ്ടായത്.
തലയണമന്ത്രത്തിലേക്ക്
ഒരു ദിവസം രാവിലെ ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീനി പറഞ്ഞു എന്റെ ഉള്ളിൽ ഒരു ആശയം ഉണ്ട് .എന്നാൽ കഥയായിട്ടില്ലെന്ന്. ഇടത്തരം കുടുംബങ്ങളിലെ വലിയ വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത പെണ്ണുങ്ങളുടെ അസൂയയും അവരുടെ ആഡംബര ഭ്രമവുമാണ് വിഷയം. മറ്റുളവരോട് സ്വയം താരതമ്യം ചെയ്ത് അപകർഷതാ ബോധം വച്ചുപുലർത്തുന്ന പല സ്ത്രീകളും നമ്മളുടെ നാട്ടിലുണ്ട്.അത്തരം ഒരു കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കുക.അതിൽ ഉർവശിയെ പോലെയുള്ള നടിയെ അഭിനയിപ്പിക്കുക. നായക പ്രാധാന്യമില്ലാത്ത അങ്ങനെയൊരു ഒരു കഥയെക്കുറിച്ച് ആലോചിച്ചാലോയെന്ന് ശ്രീനി പറഞ്ഞു. കേട്ടതും എനിക്ക് ആ കഥ ഇഷ്ടമായി. കാര്യം അത്തരത്തിലുള്ളവരെ എനിക്ക് പരിചയമുണ്ട്.കാഞ്ചനയെ പോലെ വീട്ടിൽ കുത്തിത്തിരുപ്പുണ്ടാക്കുന്നവർ .
ഞാനും ശ്രീനിയും നാട്ടിൽപുറത്തു നിന്ന് വന്നവരായതുകൊണ്ട് ഞങ്ങളുടെ ഗ്രാമങ്ങളിലും ഞങ്ങളുടെ വീടുകളിലും അയൽപക്കങ്ങളിലും ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ കണ്ട് പരിചയമുണ്ട്.തലയണ മന്ത്രത്തിന്റെ പരസ്യ വാചകം തന്നെ ഞാൻ ഒരിക്കൽ കൊടുത്തത് ഇങ്ങനെയായിരുന്നു. '' ഈ കഥ നിങ്ങളുടെ വീട്ടിൽ സംഭവിച്ചിട്ടില്ല എന്നത് സത്യമാണ് പക്ഷേ നിങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ഇത്തരമൊരു കഥ സംഭവിച്ചിട്ടുണ്ട്.'' എന്ന് .കഥ ഞാനും ശ്രീനിയും ചേർന്ന് ചർച്ച ചെയ്തു വന്നപ്പോൾ ഇപ്പറഞ്ഞതുപോലെ താരങ്ങളൊന്നും പ്രത്യേകിച്ച് ആവശ്യമില്ലാത്ത സിനിമ . ജയറാമും ,പാർവതിയും ശ്രീനിവാസനും ഉണ്ടെങ്കിലും അതൊരു കഥാപാത്ര കേന്ദ്രികൃത വിഷയമായി വന്നപ്പോൾ വളരെ പെട്ടന്നാണ് അതിന്റ തിരക്കഥ രൂപപ്പെട്ടതും. സത്യം പറഞ്ഞാൽ ഒരു ആറാം തിയതി കഥ ആലോചിക്കുകയും ഇരുപത്തിരണ്ടാം തിയതി ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.അത്രയും തീവ്രമായി മുറി അടച്ചിട്ടാണ് ഞങ്ങൾ തിരക്കഥ തയ്യാറാക്കിയത്.
ഉർവശിയിലേക്ക് വന്നത്
ഉർവശിയെ പോലെ ഒരാൾ ഉണ്ടെങ്കിലെ ആ സിനിമ അപ്പോൾ ചെയ്യാൻ പറ്റുകയുള്ളുവെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. പൊന്മുട്ടയിടുന്ന താറാവും മഴവിൽ കാവടിയും കഴിഞ്ഞപ്പോൾ ഉർവശിയുടെ അഭിനയത്തിലെ സ്വാഭാവികത അല്ലെങ്കിൽ ആ ബ്രില്ല്യൻസ് ഞാൻ നേരിട്ട് അറിഞ്ഞതാണ്. രഘുനാഥ് പാലേരിയുടെ മനോഹരമായ കഥയിൽ പൊന്മുട്ടയിടുന്ന താറാവിൽ ഉർവശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സ്‌നേഹലത എന്നായിരുന്നു. ഒട്ടും സ്‌നേഹമില്ലാത്ത നല്ല കള്ളിയായ ഒരു പെൺകുട്ടിയാണ് സ്‌നേഹലത .ഉർവശിയെ നമ്മൾ പല വേഷത്തിലും കണ്ടിട്ടുണ്ടെങ്കിലും ഇതിൽ ഉർവശിയുടെ രൂപമാറ്റം രസകരമായിരുന്നു. അതുകൊണ്ടാണ് മഴവിൽക്കാവടി ചെയ്തത്.അതിൽ നിഷ്‌കളങ്കമായി തമിഴൊക്കെ പറയുന്ന പളനിയിൽ ഓടി നടക്കുന്ന ആനന്ദവല്ലി.മോഹൻലാൽ ,മാമുക്കോയ ,ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരുമായൊക്കെ സീൻ ഷൂട്ട് ചെയ്യുമ്പോൾ കൊതിതീരാതെ,വീണ്ടും വീണ്ടും അഭിനയിപ്പിക്കാൻ കാമറയ്ക്ക് മുൻപിൽ നിർത്താൻ തോന്നുന്ന പോലത്തെ ഒരു ഫീൽ ഉണ്ട് അതെ ഫീൽ തോന്നിയ ഒരു നടിയാണ് ഉർവശി.ഒരു നടിയെന്ന നിലയിൽ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട് ഉർവശിയെ. അത്രയും കഴിവുള്ള നടി ഉണ്ടെങ്കിലെ കാഞ്ചനയെ ധൈര്യമായി ഏൽപ്പിക്കാൻ സാധിക്കുകയുള്ളു. അല്ലെങ്കിൽ പുതിയൊരാളെ കണ്ടെത്തി പരിശീലിപ്പിക്കണം. പറ്റുമായിരിക്കും. പക്ഷേ ആ ചെറിയ സമയത്തിനുള്ളിൽ പറ്റില്ല. വിശ്വാസത്തോടെ ഗ്യാരന്റിയോടെ ആ കഥാപാത്രത്തെ എൽപ്പിക്കാൻ അന്ന് ഉർവശി മാത്രമേ ഉണ്ടായിരുന്നുള്ളു. ഉർവശി ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി ചെയ്യുകയും ചെയ്തു.
വിമർശനങ്ങളും
സിനിമ റീലിസ് ചെയ്തിട്ട് കുറെ നാളുകൾക്ക് ശേഷം ചില ആരോപണങ്ങളൊക്കെ ഉണ്ടായതായി ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് അതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല.സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നൊക്കെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.അന്നത്തെ സമൂഹത്തിൽ സ്വാഭാവികമായ കാര്യങ്ങളായിരുന്നു തലയണമന്ത്രത്തിൽ പറഞ്ഞ വിഷയം.നമ്മൾ ഒരു കഥ സിനിമയാക്കുമ്പോൾ മറ്റു വിഷയങ്ങളെക്കുറിച്ചൊന്നും ചിന്തിക്കില്ല.ഒരു സിനിമ റിലീസ് ചെയ്യുന്നതുവരെയാണ് ഞങ്ങളുടേത് റിലീസ് ചെയ്തു കഴിഞ്ഞാൽ പിന്നെ പ്രേക്ഷകരുടെയാണ്. അവർക്ക് അഭിനന്ദിക്കാം. ചീത്തവിളിക്കാം വിമർശിക്കാം. ഇപ്പോഴുള്ള എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ചർച്ച വിഷയമാകുന്ന സിനിമയാണ് സന്ദേശം.ചിത്രം അരാഷ്ട്രീയ വാദം പ്രചരിപ്പിക്കുന്നതെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ആർക്കും വിമർശിക്കുന്നത് ഇഷ്ടമല്ല, നമ്മൾക്ക് ആരെയും വിമർശിക്കാം.നമ്മൾ വിമർശിക്കപ്പെടുമ്പോൾ നമുക്ക് അത് ഫീൽ ചെയ്യും.ഇപ്പോഴും കോമഡി പരിപാടികളിൽ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള സ്‌കിറ്റുകൾ വരുമ്പോൾ അതിൽ ''താത്വിക അവലോകനവും, പ്രഥമ ദൃഷ്ടിയിൽ ഇരു ചേരികളിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു'' എന്നൊക്കെയുള്ള ഡയലോഗുകൾ സജീവമായി നിൽക്കുന്നത് കണ്ടിട്ടുണ്ട്. എങ്കിൽപ്പോലും സന്ദേശത്തിനെ കുറ്റം പറയുന്നവരുണ്ട്. അതൊന്നും വിഷയമല്ല .നമ്മളെ സംബന്ധിച്ചിടത്തോളം സിനിമ ചെയ്തിട്ട് അതിൽ നിന്ന് പിൻവലിയുന്ന ആളുകളാണ്.
പുറകെ നടക്കാറില്ല
ഇപ്പോൾ ഞാൻ ആണെങ്കിലും ശ്രീനിവാസനായാലും അതിന്റെ പുറകെ നടക്കാറില്ല. സിനിമ ചെയ്തു കഴിഞ്ഞു പിന്നെ നമ്മളും പുറത്തു നിന്ന് ആളുകൾ കാണുന്നതുപോലെ കാണുക. അതിനെ ആളുകൾ അഭിനന്ദിക്കുകയോ അതിനെ കുറ്റം പറയുകയോ ചെയ്യുന്നുണ്ടോ എന്ന് നോക്കാറില്ല. അതിന്റെയിടയിൽ വിവാദമാക്കി അതിന്റെ പേരിൽ തല്ലുകൂടുക അതൊന്നും നമുക്കില്ല. അതെല്ലാം പ്രേക്ഷകന്റെയാണ്.സിനിമ ചെയ്യുന്ന വരെ മാത്രമാണ് അത് നമ്മുടെ കലാസൃഷ്ടി അത് കഴിഞ്ഞ് അതിനെ തുറന്നു പുറത്തുവിടാം.വി .കെ. എൻ പറയാറുണ്ടല്ലോ ഒരു ഫലിതം കാറ്റിൽ പറത്തി , ഒരു തമാശ പറഞ്ഞിട്ട് അത് മറ്റുള്ളവർക്ക് മനസിലായിട്ടില്ലെങ്കിൽ അത് കാറ്റിൽ പറത്തിവിടുക, അത് ഇഷ്ടമുള്ളവർ പിടിച്ചോട്ടെ ഇഷ്ടമുള്ളവർ അത് ആസ്വദിച്ചോട്ടേ അത്രേ ഉള്ളു.
ശ്രീനിവാസൻ എന്ന ബ്രില്ല്യന്റ് എഴുത്തുകാരൻ
തലയണമന്ത്രം എന്നത് ശ്രീനിവാസൻ എന്ന ബ്രില്ല്യന്റ് എഴുത്തുകാരന്റെ സംഭാവനയാണ്. കാരണം ശ്രീനിവാസൻ ഒരു നടനായതുകൊണ്ടാണ് എഴുത്തുകാരൻ എന്ന രീതിയിൽ അദ്ദേഹത്തെ ആരും ആഘോഷിക്കാത്തത്. ഒരിക്കൽ ഒരു ട്രെയിൻ യാത്രയിൽ ഒരു സ്‌കൂൾ പ്രിൻസിപ്പൽ എന്നോട് പറഞ്ഞിരുന്നു പത്മരാജന് ശേഷം ഏറ്റവും കൂടുതൽ ജീവിതഗന്ധിയായ സംഭാഷണങ്ങൾ എഴുതുന്ന, ജീവിതത്തെ തൊട്ടറിയുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്ന എഴുത്തുകാരൻ നിങ്ങളുടെ കൂട്ടുകാരൻ ശ്രീനിവാസനാണെന്ന്.അത് വലിയൊരു സത്യമാണ്.
ശ്രീനിവാസന്റെ സംഭാഷണങ്ങൾക്ക് ഉണ്ടാകുന്ന സ്വാഭാവികത.ശ്രീനിവാസൻ എഴുതുന്ന സീനുകൾ നമ്മുടെ കണ്ണിന്റെ മുന്നിൽ നടക്കുന്ന പോലെയാണ്. ആ എഴുത്തുകാരൻ ഉള്ളത് തന്നെയായിരുന്നു തലയണമന്ത്രത്തിന്റെ ഏറ്റവും വലിയ വിജയം.പിന്നെ അഭിനയിക്കാൻ മാത്രം അറിയുന്നവരുടെ ഒരു നിര തന്നെയുണ്ടല്ലോ .ഇന്നസെന്റ്, മാമുക്കോയ,ലളിതച്ചേച്ചി (കെ .പി.സി ലളിത) ജയറാം ,പാർവതി,മീന ,സുകുമാരി തുടങ്ങി ഇവരുടെയെല്ലാം അഭിനയ പ്രകടനം തലയണമന്ത്രത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. ജെനുവിനാണെന്ന് തോന്നുന്ന കലാകാരന്മാരെ വീണ്ടും അഭിനയിപ്പിക്കും. ശങ്കരാടിയെയും ഒടുവിൽ ഉണ്ണികൃഷനെയൊന്നും അഭിനയിപ്പിച്ച് കൊതി തീർന്നിരുന്നില്ല.ശങ്കരാടിയെ പോലെയൊക്കെയുള്ള അതുല്യ നടന്മാരെ വച്ച് അത്തരത്തിൽ സിനിമ ചെയ്യാൻ സാധിച്ചത് പുണ്യമായാണ് കാണുന്നത്....( വി.എസ്.രാജേഷിനോട് പറഞ്ഞത് )