208 പേർക്ക് കൊവിഡ്

Sunday 06 December 2020 12:25 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 208 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശത്തുനിന്നു വന്നവരും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 190 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 44 പേരുണ്ട്.

ജില്ലയിൽ ആകെ 21523 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 17552 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. നവംബർ 30ന് രോഗബാധ സ്ഥിരീകരിച്ച അടൂർ സ്വദേശി (54) ആണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചത്. ജില്ലയിൽ ഇതുവരെ 105 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ 24 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 189 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19140 ആണ്.

ശബരിമല: തൊഴിലാളികൾക്കും കൊവിഡ് പരിശോധന ശബരിമല: ശബരിമലയിലെയും പമ്പയിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും കൊവിഡ് പരിശോധന ഉറപ്പാക്കാൻ സന്നിധാനത്ത് ചേർന്ന ഉന്നതസമിതി യോഗം തീരുമാനിച്ചു. 14 ദിവസത്തിൽ അധികം ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന എല്ലാവർക്കും കൊവിഡ് ആന്റിജൻ പരിശോധന ഉറപ്പാക്കും. സന്നിധാനത്തെ അടക്കം അപകടഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിച്ച് നീക്കുന്നതിനും യോഗത്തിൽ തീരുമാനമായി. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിലെ എല്ലാ വകുപ്പ് മേധാവികൾക്കും തെർമൽ സ്‌കാനർ നൽകി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശരീര താപനില ദിവസവും പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. പൊലീസ് സ്‌പെഷൽ ഓഫീസർ ബി.കെ. പ്രശാന്തൻ കാണി, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. മനോജ്, ദേവസ്വം ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.