മലയാലപ്പുഴയിലും കോന്നിയിലുമുണ്ട് കന്നട വോട്ടർമാർ

Sunday 06 December 2020 12:34 AM IST

മലയാലപ്പുഴ: കർണ്ണാടകയിൽ നിന്നുള്ള തോട്ടം തൊഴിലാളികളുടെ പിൻമുറക്കാരായ വോട്ടർമാർ ഏറെയുള്ള പ്രദേശങ്ങളാണ് മലയാലപ്പുഴ പഞ്ചായത്തിലെ പല വാർഡുകളും. ഹാരിസൺ മലയാളം പ്ലാന്റെഷന്റെ ചെങ്ങറ തോട്ടത്തിലെ പണികൾക്കായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തു ബ്രട്ടീഷുകാർ കർണ്ണാടകത്തിലെ കുടക്, ഉഡുപ്പി , മംഗലാപുരം, കാപ്പു തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികളുടെ പിന്മുറക്കാരാണിവർ. തേയില കൃഷി ചെയ്യാനായി പാട്ടത്തിനെടുത്ത മലനിരകളിൽ പണിയെടുത്ത കന്നട വംശജരായ തോട്ടം തൊഴിലാളികളുടെ പിൻമുറക്കാരായ 500 ഓളം വോട്ടർമാരാണ് മലയാലപ്പുഴ, കോന്നി പഞ്ചായത്തുകളിലായുള്ളത്. സ്വാതന്ത്ര്യലബ്ദ്ധിക്ക് മുൻപ് ഇവിടെ തൊഴിലാളികളെ കൊണ്ടുവരുന്നതിന് കങ്കാണി സിസ്റ്റം നിലനിന്നിരുന്നതായി വിവരങ്ങളുണ്ട്. കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നിരുന്നു. കങ്കാണിമാരുടെ തൊഴിൽ മേധാവിത്വം ശക്തമായിരുന്ന കാലത്ത് തൊഴിലാളികൾ തൊഴിലടിമയായി മാറി. അതുകൊണ്ടു തന്നെ കർണ്ണാടകയിൽ നിന്നുള്ള പല തൊഴിലാളികൾക്കും ഇവിടെ തന്നെ തുടരേണ്ടിയും വന്നു.

ഇതിൽ ചിലർ മലയാളികളെ വിവാഹം ചെയ്യുകയും മലയാലപ്പുഴ, കോന്നി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ താമസമാക്കുകയും ചെയ്തു. ഇവർ ഇന്നും പരസ്പരം സംസാരിക്കുന്നത് ' തുളു ' ഭാഷയിലാണെന്നതും ഇവരുടെ കന്നട സംസ്‌കാരത്തിലുള്ള ജീവിതരീതികളും നാട്ടുകാരിൽ കൗതുകമുണർത്തുന്നതാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചിലർക്ക് കർണ്ണാടക ബന്ധങ്ങളുമുണ്ട്.