കണ്ണൂർ വിമാനത്താവളത്തിൽ 1.10കോടിയുടെ സ്വർണം പിടിച്ചു
Saturday 05 December 2020 11:19 PM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.10 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് വെള്ളിയാഴ്ച രാത്രി എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് പാളയത്ത് നട സ്വദേശി സിറാജ് പാലപ്പറമ്പത്ത് (30) ആണ് അറസ്റ്റിലായത്.
മലദ്വാരത്തിലും എമർജൻസി ലൈറ്റിനുള്ളിലും ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ആകെ 2147 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിയിൽ നിന്ന് ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച ഒമ്പതു ലക്ഷം രൂപയുടെ സ്വർണം പിടിച്ചിരുന്നു. പരിശോധനയിൽ കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, രാജു നിക്കുന്നത്ത്, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, ഗുർമിത്ത് സിംഗ്, ഹവിൽദാർ സി.വി.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.