വിദേശപര്യടനത്തിനൊരുങ്ങി ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്‌സ്; നാളെ ദുബായിലേക്ക് യാത്ര തിരിക്കും

Saturday 19 December 2020 3:57 AM IST

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ആദ്യമായി വിദേശപര്യടനത്തിന് ഒരുങ്ങുന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമായ 'ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്‌സ്' നാളെ ദുബായിലേക്ക് യാത്ര തിരിക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ ദുബയിലെ വിവിധ ക്രിക്കറ്റ് അക്കാഡമികളുമായി ടീം മത്സരിക്കും. യു.എ.ഇയിലെ ജി ഫോഴ്‌സ് അക്കാദമിയുമായി സഹകരിച്ചാണ് പര്യടനം. ദുബായ്ക്ക് പുറമെ അജ്മാൻ, ഷാർജ എന്നിവിടങ്ങളിലും ടീം കളിക്കും.

യാത്രയ്ക്ക് മുന്നോടിയായി ടീം ജഴ്‌സിയുടെ പ്രകാശനവും ടീമിന്റെ യാത്രയുടെ ഫ്‌ളാഗ് ഓഫും പ്ലസ് ക്ലബിൽ കൺട്രോൾ റൂം അസി. കമ്മീഷണർ സ്റ്റൂവർട്ട് കീലർ നിർവഹിച്ചു. ഫിൻജെന്റ് സൊല്യൂഷൻസ് ആണ് ടീമിന്റെ ടൈറ്റിൽ സ്‌പോൺസർ. സ്‌പെറികോൺ ടെക്‌നോളജി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഫ്‌ലോറ ഹോസ്പിറ്റൽസ്, പാരഗൺ എന്നിവരാണ് മറ്റു സ്‌പോൺസർമാർ. പ്ലേ ട്രൂ എന്ന പ്ലേയർ മാനേജ്മന്റ് കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം രൂപീകരിച്ചത്. കേരളത്തിൽ നിന്നുള്ള കളിക്കാരോടൊപ്പം മേഘാലയ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും ടീമിലുണ്ട്.

ഫിൻജെന്റ് സീനിയർ വൈസ് പ്രസിഡന്റ് ദിലീപ് ജേക്കബ്, സ്‌പെറികോം ടെക്‌നോളജി സി.ഇ.ഒ അമിത് നായർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡി.ജി.എം വിപിൻ ഓസ്റ്റിൻ, ട്രൂ പ്ലേ സി.ഇ.ഒ സോണിയ അനിരുദ്ധൻ, കാർപസ് മീഡിയ സി.ഇ.ഒ ഡെന്നിസ് ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.