ശിവദാസൻ ആറ്റുപുറത്ത് പൊന്നാനി നഗരസഭയുടെ ചെയർമാനാകും

Sunday 27 December 2020 12:12 AM IST
ശിവദാസൻ ആറ്റുപുറത്ത്

പൊന്നാനി: ശിവദാസൻ ആറ്റുപുറത്ത് പൊന്നാനി നഗരസഭയുടെ ചെയർമാനാകും. ശനിയാഴ്ച്ച ചേർന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗം ചെയർമാൻ സ്ഥാനത്തേക്ക് ശിവദാസന്റെ പേര് നിർദ്ദേശിച്ചു. തിങ്കളാഴ്ച്ച ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പൊന്നാനി നഗരസഭ ചെയർമാൻ സ്ഥാനം ഇത്തവണ എസ്.സി സംവരണമാണ്.

തീരദേശ മേഖലയായ നാൽപത്തിനാലാം വാർഡ് നായാടി കോളനിയിൽ നിന്നാണ് ശിവദാസൻ വിജയിച്ചത്. 103 വോട്ടിനായിരുന്നു വിജയം. മുപ്പത് വർഷം നഗരസഭ സർവീസിൽ ജീവനക്കാരനായിരുന്നു ശിവദാസൻ 2019ലാണ് വിരമിച്ചത്. 21 വർഷവും പൊന്നാനി നഗരസഭയിലെ ജീവനക്കാരനായിരുന്നു. ഹയർ ഗ്രേഡ് ഹെഡ് ക്ലാർക്കായാണ് വിരമിച്ചത്. ജനകീയ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സർവ്വസമ്മതനായിരുന്ന ശിവദാസൻ രണ്ട് പതിറ്റാണ്ടിലേറെ ജോലി ചെയ്ത നഗരസഭ കാര്യാലയത്തിൽ തന്നെയാണ് നഗരപിതാവായെത്തുന്നത്.

ബോട്ടണി ബിരുദധാരിയായ ശിവദാസൻ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. നഗരസഭ ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് സെക്രട്ടറിയാണ്. കിലയുടെ ഫാക്കൽറ്റിയാണ്.

ചരിത്രത്തിൽ ആദ്യമായി തുടർഭരണത്തിലെത്തുന്ന പൊന്നാനി നഗരസഭയുടെ ചെയർമാൻ എന്ന പ്രത്യേകത ശിവദാസനുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ പൊന്നാനി നഗരസഭ ചെയർമാനുമാണ്. 51 അംഗ നഗരസഭയിൽ 38 വാർഡുകൾ നേടിയാണ് എൽ.ഡി.എഫ് തുടർ ഭരണത്തിലെത്തിയത്. ഇത്രയേറെ ഭൂരിപക്ഷവും പൊന്നാനിയുടെ ചരിത്രത്തിലാദ്യമാണ്. 1977ൽ നഗരസഭ രൂപീകൃതമായ ശേഷം മാറിമാറിയായിരുന്നു നഗരഭരണം.

തീരദേശ മേഖലയിൽ നിന്നുള്ള മൂന്നാമത്തെ നഗരസഭ ചെയർമാനാണ് ശിവദാസൻ. ആദ്യ നഗരസഭ കൗൺസിലിലെ ഇ.കെ അബൂബക്കറായിരുന്നു തീരദേശത്തു നിന്നുള്ള ആദ്യ ചെയർമാൻ. പിന്നീട് ഇ.കെ.ഇമ്പിച്ചിബാവയുടെ പത്നി ഫാത്തിമ്മ ഇമ്പിച്ചിബാവ അഴീക്കൽ വാർഡിൽ നിന്ന് വിജയിച്ച് ചെയർപേഴ്സണായി.